തലശ്ശേരി: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായിരുന്ന ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്പീക്കർ എ.എൻ. ഷംസീര്‍, സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് അംഗീകാരമുദ്ര കൈമാറിയത്. കേക്കും സർക്കസും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരിയായ തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സ്പീക്കർ ഷംസീർ സൂചിപ്പിച്ചു. കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് തുടക്കം കുറിച്ച തലശ്ശേരിയെ കുറിച്ചുമെല്ലാം ബ്രെറ്റ് ലീക്ക് ധാരണയുള്ളതായി സംസാരത്തിൽ നിന്ന് മനസ്സിലായതായി സ്പീക്കർ പറഞ്ഞു.
സന്ദര്‍ശന വേളയില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറും ഒപ്പമുണ്ടായിരുന്നു. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഭാവിയിൽ പവലിയൻ ഒരുക്കണമെന്നും ആ പവലിയനിൽ അദ്ദേഹം സമ്മാനിച്ച ബാറ്റും ബാളും ഇരുരാജ്യങ്ങളുടെയും പരസ്പര സ്നേഹത്തിന്റെ അടയാളമായി സന്ദർശകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും ബ്രെറ്റ് ലീ ആഗ്രഹമറിയിച്ചു. അന്താരാഷ്ട്ര കരിയറിൽ വേഗമേറിയ ബൗളർ എന്ന അംഗീകാരം ലഭിച്ച ബ്രെറ്റ് ലീ 2003ലെ വേൾഡ് കപ്പും 2005, 2009 വർഷങ്ങളിലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും ആസ്ട്രേലിയക്ക് നേടിക്കൊടുത്ത പ്രതിഭയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.