തലശ്ശേരി: പിണറായി മേഖലയിൽ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശനഷ്ടം. പഞ്ചായത്തിലെ എരുവട്ടിയുടെ വിവിധ പ്രദേശങ്ങളിലാണ് കിലോമീറ്ററോളം ദൂരത്തിൽ ചുഴലി വീശിയടിച്ചത്.
മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീണു. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടുപാടുണ്ടായി. ഓടുകളും ഷീറ്റുകളും പറന്നുപോയി. മരം വീണും കാറ്റടിച്ചും നിരവധി വൈദ്യുതി തൂണുകൾ നിലംപൊത്തി.
പാണ്ട്യാലപറമ്പ്, പാനുണ്ട, കോഴൂർ, പുത്തംകണ്ടം, പന്തക്കപ്പാറ, കാപ്പുമ്മൽ, പൊട്ടൻപാറ എന്നിവിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. വെണ്ടുട്ടായി കൈതേരി പുതിയേടത്ത് ക്ഷേത്ര പറമ്പിലെ കൂറ്റൻ പുളിമരം കടപുഴകി.
വെണ്ടുട്ടായി മാലാർ വീട്ടിൽ റീത്തയുടെ വീട് മരങ്ങൾ വീണ് പൂർണമായും തകർന്നു. മലാർ വീട്ടിൽ എ. രാജീവൻ, തൈപ്പറമ്പത്ത് ഹൗസിൽ പി.പി. രജിത, പവിത്രൻ, വടക്കയിൽ മോഹനൻ, ഒതയോത്ത് വീട്ടിൽ സജീവൻ, ആതിരയിൽ പവിത്രൻ, വടക്കയിൽ മോഹനൻ, പറക്കനാണ്ടി വിജയൻ, നാവുദിയൻ രാജൻ, എൻ. മോഹനൻ, മേക്കിലേരി പുഷ്പ, പുത്തംകണ്ടത്തെ പാറായി രവി, മണ്ണപ്പാട്ടി ചന്ദ്രൻ, കുഞ്ഞിപറമ്പത്ത് കെ. പി. ശീതള, സ്വാമിന്റെ പറമ്പത്ത് ബാലകൃഷ്ണൻ, ഒതയോത്ത് ശ്രീജ, ഒതയോത്ത് ഹൗസിൽ ചന്ദ്രി, മണ്ണപ്പാട്ടി ചന്ദ്രി, കാപ്പുമ്മലിലെ നവോദയ വായനശാല ആൻഡ് വയോ ക്ലബ്, പി. കെ. ഓമന, ഉച്ചുമ്മൽ അനന്തൻ, മാവിലോടൻ ഷാജി, മാണിയത്ത് ലീല, കെ.പി. സരോജിനി, രഞ്ജിനി, പി.കെ. പ്രജിന എന്നിവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി.
അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നു മരങ്ങൾ മുറിച്ചുമാറ്റി. പുതിയ വൈദ്യുതി തൂണുകൾ സ്ഥാപിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ, വാർഡ് മെംബർമാരായ കെ. ജയദേവൻ, പി.പി. ചന്ദ്രബാബു, എരുവട്ടി വില്ലേജ് ഓഫിസർ സുരേന്ദ്രൻ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.