തലശ്ശേരി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരായ മൂന്ന് ഡയറക്ടർമാരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെത്തിക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കമ്പനി മുൻ എം.ഡിയും നിലവിലെ ഡയറക്ടറുമായ ബത്തേരി ഫെയർലൻഡ് സ്വദേശി യോഹന്നാൻ മറ്റത്തിൽ (61), മറ്റ് ഡയറക്ടർമാരായ വയനാട് പനമരത്തെ മുതിരക്കാലിൽ ജോർജ് സെബാസ്റ്റ്യൻ (53), പാലക്കുഴിയിലെ സജി സെബാസ്റ്റ്യൻ (52) എന്നിവരാണ് റിമാൻഡിലായി ജയിലിലുളളത്.
ഇവരെ വിട്ടുകിട്ടാനാണ് തലശ്ശേരിയിലെ അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റിനായി അഡീഷനൽ ജില്ല സെഷൻസ് കോടതിയെ (നാല്) സമീപിച്ചത്. ജോർജ് സെബാസ്റ്റ്യൻ കണ്ണൂർ ജയിലിലും മറ്റ് രണ്ട് പേർ ബത്തേരി സബ് ജയിലിലുമാണുള്ളത്. മൂന്ന് പേരെയും ബത്തേരിയിലെ തട്ടിപ്പ് കേസിൽ ബത്തേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരിയിലെ തട്ടിപ്പ് കേസിൽ മൂവരും കുറ്റാരോപിതരായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബത്തേരി ജയിലിലും കണ്ണൂർ ജയിലിലുമെത്തി തലശ്ശേരി പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തലശ്ശേരിയിൽ 53 ഓളം കേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നഗരത്തിലും പരിസരങ്ങളിലുമുള്ള 200ൽപരം ഇടപാടുകാരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതായാണ് വിവരം. തലശ്ശേരിയിൽ ചിറക്കര ടി.സി റോഡിൽ എ.ആർ കോംപ്ലക്സിലാണ് ധനകോടി ചിറ്റ്സിന്റെ ശാഖ പ്രവർത്തിച്ചിരുന്നത്. സ്ഥാപനം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
തലശ്ശേരിക്ക് പുറമെ കണ്ണൂർ, ഇരിട്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് ശാഖകളുള്ളത്. തലശ്ശേരി ശാഖ പൂട്ടി നടത്തിപ്പുകാർ സ്ഥലം വിട്ടതോടെയാണ് ഇടപാടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തലശ്ശേരിയിലെ പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ എം. അനിൽ, അഡീഷനൽ എസ്.ഐ രാജീവൻ തുടങ്ങിയവരാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.