തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ യാതൊരു മുന്നറിപ്പുമില്ലാതെ രാത്രി ഒമ്പതിന് അടച്ചു പൂട്ടുന്നത് യാത്രക്കാർക്ക് വിനയായി. കിഴക്കൻ മലയോര പ്രദേശങ്ങളിൽ നിന്ന് രാത്രികാലത്ത് യാത്ര ചെയ്യാൻ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു ഈ കൗണ്ടർ. റെയിൽവേയുടെ ഈ നടപടി യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു.
ഓൺലൈനിൽ ആപ്പ് ഉപയോഗിച്ച് റിസർവേഷനില്ലാത്ത ടിക്കറ്റുകൾ എടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നുള്ള റെയിൽവേയുടെ വാദം ബാലിശമാണ്. പലർക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്നു മാത്രമല്ല അത് പ്രയോജനപ്പെടുത്താനുള്ള ശേഷിയില്ലാത്തതിനാൽ ഭൂരിപക്ഷം യാത്രക്കാരും കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. കൗണ്ടർ ഒമ്പതിന് അടക്കുന്നതിനാൽ അന്വേഷണത്തിനുള്ള സൗകര്യവും ഇല്ലാതായിരിക്കുന്നു.
ടിക്കറ്റ് കൗണ്ടർ നേരത്തെ പ്രവർത്തിച്ചത് പോലെ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർ അരുൺ കുമാർ ചതുർവേദിക്കും അഡീഷണൽ ഡിവിഷനൽ റെയിൽവേ മാനേജർ ജയകൃഷ്ണനും ഇതു സംബന്ധിച്ച് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.