തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് തലശ്ശേരിയിൽ ഇന്ന് തുടക്കം. കൗമാരക്കാരുടെ കലാ മാമാങ്കത്തിന് പൈതൃക നഗരി ഒരുങ്ങി. രാഗ താള ഭാവ ലയങ്ങളുടെ സമന്വയ പ്രകടനങ്ങളാൽ ഇനിയുള്ള അഞ്ച് നാൾ നഗരം ശബ്ദമുഖരിതം. 15 ഉപജില്ലകളിൽ നിന്നുള്ള 8369 വിദ്യാർഥികൾ മത്സരത്തിനെത്തും. 17 വേദികളാണ് മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്. ഏഴ് വിഭാഗങ്ങളിലായി 309 ഇനങ്ങളിലാണ് മത്സരം. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം. മത്സരാർഥികൾ, അധ്യാപകർ, സംഘാടകർ ഉൾപ്പെടെ ദിവസവും 5000 പേർക്കുള്ള ഉച്ചഭക്ഷണം പായസം സഹിതം വിളമ്പും. കായ്യത്ത് റോഡിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഊട്ടുപുരയും ഭക്ഷണം വിളമ്പുന്നതും.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥി പ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കലോത്സവം ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. സുധാകരൻ എം.പി, എം.എൽ.എ മാരായ കെ.കെ. ശൈലജ, എം. വിജിൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളാവും.
സമാപന സമ്മേളനോദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കെ. മുരളീധരൻ എം.പി നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. പി. സന്തോഷ് കുമാർ എം.പി, ടി.ഐ. മധുസൂദനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജില്ല കലക്ടർ അരുൺ കെ. വിജയൻ സമ്മാനവിതരണം നടത്തും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി വർക്കിങ് ചെയർമാൻ കെ.എം. ജമുനാറാണി, കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.പി. അംബിക, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി. സഖീഷ്, പബ്ലിസിറ്റി കൺവീനർ വി.വി. രതീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ സി.വി. അബ്ദുൽ ജലീൽ, റിസപ്ഷൻ കൺവീനർ സിദ്ദീഖ് കൂടത്തിൽ, ഡയറ്റ് പ്രിൻസിപ്പൽ വി.പി. പ്രേമരാജൻ എന്നിവർ പങ്കെടുത്തു.
കലോത്സവത്തിന്റെ വരവറിയിച്ച് തിങ്കളാഴ്ച വൈകീട്ട് നഗരത്തിൽ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നുളള എസ്.പി.സി, എൻ.സി.സി, സ്കൗട്ട്, എൻ.എസ്.എസ് വിഭാഗമടക്കമുളള നൂറു കണക്കിന് വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ഘോഷയാത്രയിൽ അണിനിരന്നു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കണ്ണൂർ ഡി.ഡി.ഇ എ.പി. അംബിക, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. കോട്ട പരിസരത്ത് നിന്നാരംഭിച്ച് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഉദ്ഘാടനം ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറിയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.പി. അംബിക നിർവഹിച്ചു. നഗരസഭാംഗം ഫൈസൽ പുനത്തിൽ മുഖ്യാതിഥിയായി. പി. ഷമീർ, കെ. ഇസ്മായിൽ, പി. ബഷീർ, വി.പി. ഫൈസൽ, ഒ.പി. മുഹമ്മദ്, വി.വി. ഉസ്മാൻ, ഫൈസൽ ചക്കരക്കല്ല്, പി.പി. സിദ്ദീഖ്, ടി.കെ. സുനീർ, അബൂബക്കർ കീത്തേടത്ത്, എൻ. നൗഷിഖ് എന്നിവർ സംബന്ധിച്ചു.
ചൊവ്വാഴ്ച രചന മത്സരങ്ങൾ നടക്കുന്നത് സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസിലാണ്. ഈ ദിവസം അഞ്ച് വേദികളിലായി (വേദി 1, വേദി 7, വേദി 8, വേദി 9, വേദി 15) സ്റ്റേജ് മത്സരങ്ങളും നടക്കും. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ് (വേദി 1,9), സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് (വേദി 2,3 ), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് (വേദി 4,5,6), ബി.ഇ.എം.പി എച്ച്.എസ്.എസ് (വേദി 7,8), ഗവ.എൽ.പി.എസ് തലശ്ശേരി (വേദി 10), എം.എം.എച്ച്.എസ്.എസ് തലശ്ശേരി (വേദി 11,12,13), ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി.എസ് (വേദി 14), ജി.വി.എച്ച്.എസ്.എസ് ചിറക്കര (വേദി 15), ചിറക്കര കുഞ്ഞാംപറമ്പ യു.പി.എസ് (വേദി 16), ചിറക്കര ഗവ. അയ്യലത്ത് യു.പി സ്കൂൾ (വേദി 17) ബാൻഡ് മേളം വെളളിയാഴ്ച രാവിലെ 9.30ന് തലശ്ശേരി ചാലിൽ സെന്റ് പീറ്റേർസ് യു.പി സ്കൂളിൽ നടക്കും.
തലശ്ശേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുരയുടെ പാലുകാച്ചൽ കർമം കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.പി. അംബിക നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. ജമുനാറാണി, ഡി.ഇ.ഒ ചന്ദ്രിക, എ.ഇ.ഒമാരായ ഇ.പി. സുജാത, കെ. സുനിൽ, വി.കെ. സുധി, ഭക്ഷണക്കമ്മിറ്റി ചെയർമാൻ പി.കെ. സോന, കൺവീനർ സി.വി.എ. ജലീൽ, വിദ്യാകിരണം കോഓഡിനേറ്റർ കെ.സി. സുധീർ, വി. മണികണ്ഠൻ, യു.കെ. ബാലചന്ദ്രൻ, പി.പി. ഹരിലാൽ, കെ. രാജേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.