തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് മലയാളം പൂർവവിദ്യാർഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ മൂന്നാമത് മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരത്തിന് കവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂർ അർഹനായി. സോമൻ രചിച്ച 'പുള്ളിയൻ' എന്ന നോവലിനാണ് 15,000 രൂപയും ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്ന പുരസ്കാരം. കണ്ണൂർ സർവകലാശാലയോട് ചേർന്ന കലാലയങ്ങളിലെ മലയാളം ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള മണിമല്ലിക സ്മാരക വിദ്യാഭ്യാസ പുരസ്കാരം ഗവ. ബ്രണ്ണൻ കോളജിലെ കെ. വർഷ, പി.കെ. ആവണി, പി.കെ. അനശ്വര എന്നിവർക്ക് സമ്മാനിക്കും.
ചലച്ചിത്രകാരനും കഥാകൃത്തുമായ എം.എ. റഹ് മാൻ, എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബി. പാർവതി, എഴുത്തുകാരൻ എം. ദാമോദരൻ എന്നിവരടങ്ങിയ സമിതിയാണ് സാഹിത്യ പുരസ്കാരം നിർണയിച്ചത്.
ബ്രണ്ണനിലെ അധ്യാപികയായിരുന്ന മണിമല്ലികയുടെ സ്മരണാർഥം അവരുടെ ഭർത്താവും അധ്യാപകനുമായ ടി. ഗോപാലൻ ഏർപ്പെടുത്തിയതാണ് പുരസ്കാരങ്ങൾ. നവംബർ ഒമ്പതിന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ ബ്രണ്ണൻ മലയാളം സമിതി പ്രസിഡന്റ് വി.എസ്. അനിൽ കുമാർ, സെക്രട്ടറി ഡോ. എൻ. ലിജി, ഡോ. ആർ. രാജശ്രീ, ട്രഷറർ ഡോ. അജിത ചേമ്പൻ, പ്രഫ. കെ.പി. നരേന്ദ്രൻ, പ്രഫ. എ.ടി. മോഹൻരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.