തലശ്ശേരി: ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവും പൊലീസ് ഉന്നയിച്ചു. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയിൽ നൽകിയ ഹരജിയിലാണ് പൊലീസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
വ്ലോഗർ സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ നൽകിയ ഹരജിയിന്മേലുള്ള വാദത്തിലാണ് ഇവർക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന സംശയം പൊലീസ് ഉന്നയിച്ചത്. കഞ്ചാവ് ചെടികൾ ഉയർത്തിപ്പിടിച്ചുള്ള ദൃശ്യങ്ങൾ യൂ ട്യൂബ് ചാനലിലൂടെ പ്രതികൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതടക്കം, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ സൈബർ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും പൊലീസ് ഹരജിയിൽ ചൂണ്ടിക്കാട്ടി.
പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നടന്ന കലാപ ആഹ്വാനത്തിൽ ഇവർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹരജിയിൽ പ്രതികളുടെ വാദം കേൾക്കുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.