തലശ്ശേരി: ധർമടം മേലൂർ സ്വദേശിയായ ഇ.ടി. സ്വരൂപയിലൂടെ ദേശീയ ചെസ് മത്സരത്തിൽ കേരളത്തിന് വെള്ളിത്തിളക്കം. അണ്ടർ 19 ദേശീയ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം റണ്ണർ അപ് സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ശക്തരായ മഹാരാഷ്ട്രയെ തോൽപിച്ചാണ് കേരളം നേട്ടം കൈവരിച്ചത്. നീണ്ട ആറു വർഷത്തിന് ശേഷമാണ് ദേശീയതല ചെസ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടുന്നത്. കേരള ടീമിൽ ജില്ലയിൽ നിന്നുള്ള ഏക കളിക്കാരിയായിരുന്നു സ്വരൂപ. ആറ് വർഷം മുമ്പ് സഹോദരൻ സച്ചിൻ പ്രദീപും (ആൺകുട്ടികളുടെ വിഭാഗം) ദേശീയ മത്സരത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. ന്യൂഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ ജൂൺ അഞ്ച് മുതൽ 12 വരെയാണ് മത്സരം നടന്നത്.
കേരളത്ത പ്രതിനിധീകരിച്ച് അഞ്ചു പേരുടെ ടീമാണ് പങ്കെടുത്തത്. പിണറായി എ.കെ.ജി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് സ്വരൂപ. പ്ലസ്ടു കമ്പ്യൂട്ടർ സയൻസിൽ മുഴുവൻ വിഷയങ്ങളിലും സ്വരൂപക്ക് എ പ്ലസുണ്ട്. സ്കൂളിലെ മികച്ച എൻ.എസ്.എസ് വളന്റിയറാണ്.
നിരവധി തവണ ഇൻറർനാഷനൽ ഫിഡേ റേറ്റിങ് ടൂർണമെന്റുകളിൽ മാറ്റുരച്ച സ്വരൂപയുടെ ഫിഡെ റേറ്റിങ് 1442 ആണ്. നിരവധി ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ധർമടം മേലൂരിലെ അടിക്കളത്തിൽ (വാൽസല്യം) പ്രദീപ് കുമാറിന്റെയും ഇ.ടി. വൽസലയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.