തലശ്ശേരി: നഗരത്തിലെ പഴയകാല ഗൈനക്കോളജിസ്റ്റുമാരായ രണ്ട് വനിത ഡോക്ടർമാർ മരിച്ചെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. ചിറക്കര മോറക്കുന്ന് റോഡിലെ ഡോ. വി. രാധ, ചിറക്കര അയ്യലത്ത് സ്കൂളിനടുത്ത ഡോ. ടി.വി. രാധ എന്നിവർ മരിച്ചെന്നാണ് പ്രചരിക്കുന്നത്. വി. രാധ ഡോക്ടറുടേത് ഫോട്ടോ സഹിതം മലയാളത്തിലും ടി.വി. രാധയുടേത് ഇംഗ്ലീഷിലും ടൈപ്പ് ചെയ്ത വ്യാജ സന്ദേശമാണ് വ്യാഴാഴ്ച വൈകീട്ട് മുതൽ വ്യാപകമായി പ്രചരിച്ചത്. വാർത്ത പരന്നതോടെ ജില്ലക്ക് പുറത്തുനിന്നുള്ളവരടക്കം മാധ്യമങ്ങളിൽ വിളിച്ച് അന്വേഷിക്കാൻ തുടങ്ങി. മറ്റു ഡോക്ടർമാരും വിവരം അറിയാൻ വിളി തുടങ്ങി.
തലശ്ശേരി നാരങ്ങാപ്പുറം റോഡിലെ ഷെമി ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഡോക്ടറാണ് വി. രാധ. ചിറക്കര കരുണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു ടി.വി. രാധ. തെറ്റായ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒടുവിൽ വി. രാധ ഡോക്ടർ ഒരു യുവാവിനൊപ്പം നിന്ന് ചിരിക്കുന്ന വിഡിയോയുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
പുറത്തുവരുന്നത് തെറ്റായ വാർത്തയാണെന്നും ഇത് ആരും പ്രചരിപ്പിക്കരുതെന്നും യുവാവ് അഭ്യർഥിച്ചു. തെറ്റായ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.