തലശ്ശേരി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് യുവതി വാങ്ങിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭർതൃസഹോദരനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം അറസ്റ്റിൽ. ഗുഡ്സ് ഓട്ടോ ഡ്രൈവർ പൊന്ന്യം കുണ്ടുചിറ സായാഹ്ന നഗർ ബസ് സ്റ്റോപ് പരിസരത്തെ ഷാജി (45)യെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തലശ്ശേരി ടെമ്പിൾഗേറ്റ് കുനിയിൽ ഹൗസിൽ കെ. ശരത്ത് (32), ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടികയിലെ ശിവദം ഹൗസിൽ ടി. വികാസ് (43), ടെമ്പിൾ ഗേറ്റ് ജനീഷ് നിവാസിൽ ടി. ജനീഷ് (31), ടെമ്പിൾഗേറ്റ് പത്രിയിൽ ഹൗസിൽ വി.എം. അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് എരഞ്ഞോളി പാലത്തിനടുത്ത കോമത്ത് പാറയിൽ നിന്നാണ് ഷാജിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. ഷാജിയുടെ അനുജന്റെ ഭാര്യ കുണ്ടുചിറ അണക്കെട്ടിനടുത്ത് താമസിക്കുന്ന ടെമ്പിൾഗേറ്റിലെ ദീപയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകൽ. ഇടപാടുകാർ നൽകിയ പരാതിയിൽ കതിരൂർ പൊലീസ് ദീപയെ കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. വലിയ പലിശ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ ദീപ ബ്ലേഡ് ഇടപാടിനായി വാങ്ങിയതായാണ് പരാതി.
തട്ടിക്കൊണ്ടുപോയ നാലുപേരെയും ശനിയാഴ്ച രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാജിയെയും കണ്ടെത്തി. നൽകിയ പണം തിരികെ വേണമെന്നാണ് തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം. ദീപയുടെ ഭർത്താവ് രാജേഷ് കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോയതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാജി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.