തലശ്ശേരി: പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യങ്ങൾ കടലിൽ നിക്ഷേപിച്ചതിന് സ്കൂളിന് 27,000 രൂപ പിഴ ചുമത്തി. ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്.
നഗരത്തിലെ ഒരു സ്കൂൾ പരിസരത്തു നിന്നാണ് വ്യാപകമായ രീതിയിൽ അറബിക്കടലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. ഡിസ്പോസബ്ൾ കപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, വെള്ള കുപ്പികൾ, ബിസ്കറ്റ് കവറുകൾ, കടലാസുകൾ എന്നിവയാണ് കടലിലേക്ക് ഊർന്നിറങ്ങിയ രീതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. സ്കൂൾ പാചകപ്പുരയിൽ നിന്നുള്ള മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളും വാഷ് ബേസിനിൽ നിന്നും ശുചിമുറിയിൽ നിന്നുമുള്ള മലിനജലവും നേരിട്ട് കടലിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് കാണപ്പെട്ടത്. ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സ്കൂൾ പരിസരത്ത് പലയിടത്തും കൂട്ടിയിട്ട നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കാന്റീനിൽ നിന്നും ഡിസ്പോസബ്ൾ കപ്പുകളും സ്ക്വാഡ് കണ്ടെടുത്തു. ജലാശയം മലിനപ്പെടുത്തിയതിന് 25,000 രൂപയും ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭക്ക് നിർദേശം നൽകി. ഇ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള ജില്ല എന്ഫോഴ്സ്മെന്റ് ടീമിനൊപ്പം തലശ്ശേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ദിനേശനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.