കണ്ണൂർ: യുക്രെയ്ൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് മയ്യിൽ സ്വദേശി മുഹമ്മദ് ഹാദിൽ. ഭീതിയുടെയും ആശങ്കയുടെയും മണിക്കൂറുകൾക്ക് അറുതിയായി തിങ്കളാഴ്ച പുലർച്ച ഒന്നോടെയാണ് എട്ടേയാറിലെ വീട്ടിലെത്തിയത്.
പി.കെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകനായ ഹാദിൽ ഉസ്ഗറോഡ് മെഡിക്കൽ നാഷനൽ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ജനുവരിയിലാണ് യുക്രെയ്നിലേക്ക് പോയത്. യുദ്ധം തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഹംഗറിയോട് ചേർന്നുള്ള പ്രദേശമായതിനാൽ യുദ്ധം കാര്യമായി ഉസ്ഗറോഡ് മേഖലയെ ബാധിച്ചിരുന്നില്ല. ഹോസ്റ്റലിൽ തുടരേണ്ടതില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസിയിൽനിന്ന് അറിയിച്ചതായും ഹാദിൽ പറഞ്ഞു.
ശനിയാഴ്ച രാത്രി കോളജിന്റെ ബസിലാണ് ഹംഗറി അതിർത്തി കടത്തിയത്. ഉടൻ അതിർത്തി കടക്കാനായതിനാലാണ് രക്ഷപ്പെടാനായത്. വിമാനമാർഗം ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തി. അവിടെനിന്ന് സംസ്ഥാന സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ വിമാനത്തിലാണ് കോഴിക്കോട്ട് എത്തിയത്. രാത്രി 12ഓടെ ട്രെയിനിൽ കണ്ണൂരിലെത്തി. സുരക്ഷിതമായി നാട്ടിലെത്തിയതിൽ ആശ്വാസമുണ്ടെന്നും ഹാദിൽ പറഞ്ഞു.
മാധ്യമങ്ങളിലൂടെ യുക്രെയ്നിലെ സാഹചര്യം അറിഞ്ഞതോടെ വീട്ടുകാരും ഭീതിയിലായെന്നും ദൈവത്തിന്റെ അനുഗ്രഹത്താലാണ് മകൻ സുരക്ഷിതനായി നാടണഞ്ഞതെന്നും പിതാവ് അബ്ദുല്ലക്കുട്ടി പറഞ്ഞു. യാത്രക്കിടെ ടെലിഗ്രാമിൽ ഹാദിൽ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ബാച്ച് തിരിച്ചാണ് ഉസ്ഗറോഡിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. 250 വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ നാട്ടിലെത്തിയത്. ഇതിൽ ഒമ്പതുപേരാണ് മലയാളികൾ. അടുത്ത ബാച്ച് തിങ്കളാഴ്ച എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.