തലശ്ശേരി: ശക്തമായ കാറ്റിലും മഴയിലും കെടുതികളേറെ. കോടിയേരിയിൽ കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണ് വീടിന് നാശമുണ്ടായി. കോടിയേരി തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം അനഘ നിവാസിൽ എസ്. ലേഖയുടെ വീടിന് മുകളിലാണ് ഞായറാഴ്ച രാത്രി ഏഴോടെ കൂറ്റൻ മരത്തിന്റെ ശിഖരം വീണത്.
വീടിന്റെ കോൺക്രീറ്റിന് കേടുപാട് സംഭവിച്ചു. തലശ്ശേരി നഗരസഭ ദുരന്തനിവാരണ സേനയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി. ഗോപാലപ്പേട്ടയിൽ കുടുംബം വെള്ളക്കെട്ട് ഭീഷണിയിലായി. എക്കണ്ടിവളപ്പിൽ കുഞ്ഞിപുരയിൽ ജിജേഷിന്റെ വീടാണ് കനത്ത മഴയിൽ വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.
സമീപത്തുകൂടെ തോട് കടന്നു പോകുന്നതിനാൽ വീട് നിൽക്കുന്ന താഴ്ന്ന ഭാഗത്ത് മുറ്റം വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ തവണ ഇവിടെ മണ്ണിട്ട് ഉയർത്തിയിരുന്നു. നഗരസഭാധികൃതർ എത്തി ഇവരെ മാറ്റി താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ മാറാൻ തയാറായില്ലെന്ന് വാർഡ് കൗൺസിലർ ഐറിൻ സ്റ്റീഫൻ പറഞ്ഞു.
അപകടസാധ്യത ഒഴിവാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വീടിന് ചുറ്റും കല്ലുകൾ പാകി. ഇതിൽ മണ്ണ് നിറച്ച് സംരക്ഷണമൊരുക്കിയിട്ടുണ്ട്. നാരങ്ങാപ്പുറം തൃക്കൈ ശിവക്ഷേത്രത്തിന് സമീപമുള്ള കമല നിവാസിൽ വിജയന്റെ വീടിന്റെ മതിൽ തകർന്നു. കതിരൂർ: ചോയ്യാടത്ത് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു.
കഴിഞ്ഞ ദിവസമാണ് കതിരൂർ കെ.എസ്.ഇ.ബി ഓഫിസിന് സമീപമുള്ള മടപ്പള്ളി വിനോദിന്റെ 28 കോൽ ആഴമുള്ള വീട്ടുകിണർ ഇടിഞ്ഞത്. മോട്ടോർ ഉൾപ്പെടെ കിണറിലേക്ക് പതിച്ച നിലയിലാണ്. ആൾമറക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും കിണർ വീടിനോട് ചേർന്നതിനാൽ അപകട ഭീഷണിയുയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.