തലശ്ശേരി: ഞായറാഴ്ച വെളുപ്പാൻ കാലത്ത് ശൈത്യം നിറഞ്ഞ അന്തരീക്ഷത്തിൽ തലശ്ശേരിയിലെ നഗരവീഥികൾ ഓട്ടക്കാരുടെ സംഗമഭൂമിയായി. വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും മത്സരിച്ചോടി. ഉശിരോടെ യുവാക്കൾ അതിവേഗം ഓടിയെങ്കിലും 40 ന് മുകളിലുള്ളവർക്ക് ഇടക്കിടെ വേഗത കുറഞ്ഞു. എന്നാലും ലക്ഷ്യം പൂർത്തിയാക്കാൻ അവരും ഓടി ഫിനിഷിങ് പോയന്റിലെത്തി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിലും ചേർന്ന് തലശ്ശേരിയുടെ പൈതൃക സ്മാരകങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച 'തലശ്ശേരി ഹെറിറ്റേജ് റൺ' നഗരവാസികൾക്കും കായിക പ്രേമികൾക്കും പുതിയൊരു അനുഭവമായി. ഉത്തര മലബാറിലെ വിനോദ സഞ്ചാരത്തിന്റെ അതിപ്രധാനമായ സാന്നിധ്യമായി തലശ്ശേരിയെ അടയാളപ്പെടുത്തുവാനായിരുന്നു ഓട്ടമത്സരം സംഘടിപ്പിച്ചത്.
മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ദ്വീപ്, ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, തലശ്ശേരി ഓവർബറീസ് ഫോളി, ഓടത്തിൽ പള്ളി, കടൽപ്പാലം, ജവഹർഘട്ട്, സെന്റ് ആംഗ്ലിക്കൻ ചർച്ച്, നവോത്ഥാന നായകൻ ശ്രീനാരായണ ഗുരു പ്രതിഷ്ഠാകർമം നടത്തിയ ജഗന്നാഥ ക്ഷേത്രമടക്കമുള്ള നിരവധി ആരാധനാലയങ്ങൾ എന്നിവ ചേർത്ത് തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയർത്താനും പൊതുജനങ്ങളിൽ ടൂറിസം അവബോധം സൃഷ്ടിക്കാനും ഹെറിറ്റേജ് റൺ സഹായിച്ചെന്ന് സംഘാടക സമിതി ചെയർപേഴ്സൻ അനു കുമാരി പറഞ്ഞു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ, എം. വിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനറാണി, കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കൊ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, ഷിനു ചൊവ്വ, അഡ്വ.കെ. വിശ്വൻ, മാധ്യമപ്രവർത്തകൻ എൻ.പി. ഉലേക്, നഗരസഭാംഗം ഫൈസൽ പുനത്തിൽ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, പി.കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
നബീൽ സാഹി ചാമ്പ്യൻ
സ്റ്റേഡിയം കോർണറിൽ നിന്നാണ് രാവിലെ 6.30 ന് ഹെറിറ്റേജ് റൺ ഓട്ടമത്സരം ആരംഭിച്ചത്. 35 മിനിറ്റ് കൊണ്ട് ദൂരം പൂർത്തീകരിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശി നബീൽ സാഹി ചാമ്പ്യനായി. 25,000 രൂപയാണ് ചാമ്പ്യനുള്ള സമ്മാനം. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി ദേവരാജാണ് രണ്ടാം സ്ഥാനത്തെത്തിയത്. 36 മിനിറ്റിലാണ് ദേവരാജ് ഫിനിഷിങ് പോയന്റിലെത്തിയത്. 15,000 രൂപയാണ് രണ്ടാം സമ്മാനമായി നൽകിയത്. ഹെറിറ്റേജ് റൺ പൂർത്തിയാക്കിയ മുഴുവൻ അത്ലറ്റുകൾക്കും കലക്ടറും പൊലീസ് കമീഷണറും മെഡലുകൾ വിതരണം ചെയ്തു. വരും വർഷങ്ങളിലും ഹെറിറ്റേജ് റൺ വിപുലമായി സംഘടിപ്പിക്കുമെന്ന് എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു.
ഹരം പകർന്ന് ഫ്ലാഷ് മോബ്
ഹെറിറ്റേജ് റൺ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കുന്നതിനിടയിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടിക്ക് കൊഴുപ്പേകി. സ്റ്റേഡിയത്തിൽ പരിപാടി വീക്ഷിക്കാനെത്തിയവർ കൈയടിച്ച് നൃത്തം ചെയ്തവർക്ക് ഹരം പകർന്നു.
സമ്മാനദാന ചടങ്ങിന് വേദിയായ സ്റ്റേഡിയം രണ്ട് മണിക്കൂറോളം ഉത്സവ പ്രതീതിയിലായി. സമ്മാനദാനം കഴിഞ്ഞാണ് പരിപാടിയിൽ പങ്കെടുത്തവരെല്ലാം മടങ്ങിയത്. റണ്ണിൽ പങ്കാളികളായവർക്ക് തൊട്ടടുത്ത റസ്റ്റോറന്റിൽ ലഘു ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു.
നാലു പേർക്ക് ആദരം
ഹെറിറ്റേജ് റണ്ണിൽ ഓട്ടം പൂർത്തിയാക്കിയ മുതിർന്ന വ്യക്തികളായ കൊല്ലം സ്വദേശിനി തങ്കമ്മ, കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ വിജയൻ മാസ്റ്റർ, വാസു കോഴിക്കോട് എന്നിവരെയും ആറു വയസ്സുള്ള ഹസ്സൻ എന്ന വിദ്യാർഥിയെയും പ്രത്യേകം ആദരിച്ചു. കൂലിത്തൊഴിലാളിയായ തങ്കമ്മ അത്യുത്സാഹത്തോടെയാണ് റണ്ണിൽ പങ്കെടുത്തത്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയാണ് തലശ്ശേരി പൈതൃക ഓട്ടത്തിലൂടെ നേടാനായതെന്ന് തങ്കമ്മ പറഞ്ഞു. നൗഷാദ് എന്ന വ്യക്തി തങ്കമ്മക്ക് പാരിതോഷികമായി 5000 രൂപ ചടങ്ങിൽ കൈമാറി.
സബ് കലക്ടർ തിളങ്ങി
യുവ ഐ.എ.എസുകാരിയായ തലശ്ശേരി സബ് കലക്ടർ അനുകുമാരിയാണ് ചടങ്ങിലെ താരമായത്. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിൽ സബ് കലക്ടർ അനുകുമാരിയുടെ ആശയമാണെന്ന് ഹെറിറ്റേജ് റണ്ണിന്റെ സമ്മാനദാന ചടങ്ങിൽ എം.എൽ.എ എ.എൻ. ഷംസീർ പറഞ്ഞു. അവരുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നാട്ടുകാരും കായിക പ്രേമികളും കൈകോർത്തു. വരും വർഷങ്ങളിലും ഇതുപോലെ ഹെറിറ്റേജ് റൺ സംഘടിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. അടുത്തവർഷം ചാമ്പ്യനാകുന്നയാൾക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്നും എം.എൽ.എ ഉറപ്പുനൽകി. ഫാദിൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുലത്തീഫ് കെ.എസ്.എ ആണ് ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചത്. ഞായറാഴ്ച നടന്ന റണ്ണിൽ പങ്കെടുത്ത ആറ് വയസ്സുകാരന് 5,000 രൂപയും അബ്ദുലത്തീഫ് സമ്മാനമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.