തലശ്ശേരി: പ്രവാസി കുടുംബത്തിന്റെ വീട്ടിൽ കവർച്ച. ചിറക്കര ഗവ. അയ്യലത്ത് സ്കൂളിനുസമീപം സി.എം. ഉസ്മാൻ റോഡിലെ പി. അബ്ദുൽ റഹ്മാന്റെ നിസ് വയിൽ ചൊവ്വാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. 15 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവർന്നതായി അബ്ദുൽ റഹ്മാൻ പറഞ്ഞു.
വിദേശത്തുള്ള അബ്ദുൽ റഹ്മാന്റെ മകൻ സവാദ് ബലിപെരുന്നാൾ അവധിയിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു.
ബാൽക്കണിയുടെ വാതിൽ വഴി അകത്തുകടന്ന മോഷ്ടാവ് വീട്ടുടമയുടെ മകൾ ശുഹൈബയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ബാഗിൽനിന്നാണ് ആഭരണങ്ങളും പണവും കവർന്നത്. ബാഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാത്രി വൈകി ഉറങ്ങാൻ കിടന്ന സവാദ് പുലർച്ച അഞ്ചിന് നമസ്കാരത്തിനായി എഴുന്നേറ്റപ്പോഴാണ് മുകളിലെ വാതിൽ തുറന്നുകിടന്നതായി കണ്ടത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് തലശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. വീട്ടുകാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ശ്വാനസേനയുമെത്തി തെളിവെടുത്തു.
തലശ്ശേരിയിൽ ചിറക്കര മോറക്കുന്ന് പ്രദേശത്തെ ആൾത്താമസമില്ലാത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നു. മുൻ തലശ്ശേരി നഗരസഭാംഗം ഇ.വി. സുഗതയുടെ വീട്ടിലും താഹിറ മൻസിലിലുമാണ് മോഷണ ശ്രമമുണ്ടായത്.
രണ്ടു വീടുകളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിലും ചുറ്റുവട്ടത്തും മുളകുപൊടി വിതറിയ നിലയിൽ കാണപ്പെട്ടു.
പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാർ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് അറിയാനാകൂ.
ചിറക്കര മേഖലയിലുണ്ടായ മോഷണത്തെത്തുടർന്ന് പ്രദേശവാസികൾ നടുക്കത്തിലാണ്. കനത്ത മഴയുള്ള സമയത്താണ് മോഷ്ടാക്കൾ വിഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.