തലശ്ശേരി: ചാരിത്ര്യത്തിൽ സംശയം ആരോപിച്ച് ഭാര്യയെ വീട്ടിനകത്ത് ബന്ദിയാക്കി മർദിച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയൽപീടിക ശ്രീ നാരായണമഠത്തിന് സമീപം താമസിക്കുന്ന കോയ്യോടൻ വീട്ടിൽ കെ.വി. പത്മനാഭനെയാണ് (55) ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം.
ഭാര്യയെ തടഞ്ഞു നിർത്തിയതിന് ഒരു മാസം കഠിന തടവുമുണ്ട്. പത്മനാഭന്റെ രണ്ടാം ഭാര്യ നായാട്ടുപാറ കോവ്വൂരിലെ ശ്രീജയെയാണ് (36) കൊലപ്പെടുത്തിയത്. 2015 ഒക്ടോബർ ആറിന് രാത്രി 10ന് പ്രതിയുടെ വീട്ടിലാണ് കേസിനാധാരമായ സംഭവം. വീട്ടിലെ അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് ശ്രീജ ആക്രമിക്കപ്പെട്ടത്.
അടുക്കളയിൽ തടഞ്ഞു നിർത്തി മൂന്നു കത്തികൾ ഉപയോഗിച്ച് ദേഹമാസകലം കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. 2008ലാണ് പ്രതി പത്മനാഭൻ ശ്രീജയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ടുപെൺമക്കളുണ്ട്. 15 വർഷം മുമ്പ് പ്രതി തളിപ്പറമ്പിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ ഒരു മകളുമുണ്ട്.
കൊല്ലപ്പെട്ട ശ്രീജക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലക്ക് ആധാരമായി ആരോപിക്കപ്പെട്ടത്. ടി. കുമാരന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. കതിരൂർ എസ്.ഐയായിരുന്ന സുരേന്ദ്രൻ കല്ല്യാടൻ രജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് സി.ഐയായിരുന്ന കെ. പ്രേംസദനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. ഗോപകുമാർ, തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്. സൂരജ്, സയന്റിഫിക് വിദഗ്ധൻ അനീഷ് തൈക്കടവൻ, വില്ലേജ് ഓഫിസർ ദിലീപ് കിനാത്തി, പഞ്ചായത്ത് സെക്രട്ടറി എൻ. പവിത്രൻ, പൊലീസ് ഓഫിസർമാരായ സുരേന്ദ്രൻ കല്ല്യാടൻ, കെ. പ്രേംസദൻ, സുധീഷ്, പി. സീന, കെ.പി. പ്രേമൻ, സുനിൽ കുമാർ, ഫോട്ടോഗ്രാഫർ സി.ആർ. പുരുഷോത്തമൻ തുടങ്ങി 24 പേരെയാണ് കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. 42 രേഖകളും 26 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയുടെ അമ്മ, സഹോദരി എന്നിവർ കോടതിയിൽ കൂറുമാറിയിരുന്നു.
സംഭവത്തിൽ പ്രതിയുടെ കൈക്ക് പരിക്കു പറ്റിയത് സംബന്ധിച്ച് പ്രതിയെ പരിശോധിച്ച ഡോ. ഗോപകുമാർ, പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ ഗോപാലകൃഷ്ണ പിള്ള, സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ അയൽവാസികളായ ടി. കുമാരൻ, ടി.കെ. കുമാരൻ, ഷിജോയ്, ജിമേഷ്, ബാബു എന്നിവരുടെ മൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.