തലശ്ശേരി: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിലെ കേളാലൂർ ദേവസ്വത്തിൽ ചട്ടങ്ങൾ പാലിക്കാതെ ക്ലർക്ക്, കഴകം മുതലായ തസ്തികകളിൽ ട്രസ്റ്റിമാരെപ്പോലും അറിയിക്കാതെ എക്സി.ഓഫിസർ തന്നിഷ്ടപ്രകാരം നിയമനം നടത്തിയതായി പരാതി.
നിലവിൽ താൽക്കാലികമായി തുടരുന്ന ഒരാളുടെ അപേക്ഷ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി ട്രസ്റ്റിമാരുടെ തീരുമാനമോ അറിവോ ഇല്ലാതെയാണ് നിയമനം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡൻറ് മിഥുൻ മാറോളി, സെക്രട്ടറി പ്രയാഗ് പ്രദീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാരമ്പര്യേതര ട്രസ്റ്റിമാരുടെ കാലാവധി അവസാനിച്ച തക്കംനോക്കി ഇവരെ അറിയിക്കാതെയാണ് എക്സി.ഒാഫിസർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമനം നടത്തിയതെന്ന് ബോർഡ് നൽകിയ വിവരാവകാശ രേഖകളിൽ വ്യക്തമാണ്.
ഡി ക്ലാസ് ക്ഷേത്രങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി ഒരു നിയമനവും നടത്തിയിട്ടില്ല. എന്നാൽ, ഡി ക്ലാസായ കേളാലൂർ ക്ഷേത്രത്തിൽ ഇങ്ങനെ ഒരു തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുള്ളത് നാട്ടുകാർ തന്നെ വൈകിയാണ് അറിയുന്നത്. നിയമനത്തിന് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസ് സമ്മർദം ചെലുത്തിയതായി സംശയിക്കുന്നു.
ഈ ക്ഷേത്രത്തിെൻറ ഭരണകാര്യങ്ങൾ, നിയമനങ്ങൾ തുടങ്ങിയവ നടത്തേണ്ട മുഴുവൻ ചുമതലയും ട്രസ്റ്റി ബോർഡിനാണ്. എക്സിക്യൂട്ടിവ് ഓഫിസറുടെ അനധികൃത നിയമനത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.