തലശ്ശേരി: നഗരത്തിലെ നടപ്പാതകൾ കൈയേറിയും പാർക്കിങ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് വ്യാപകമാകുന്നു. നടപടി സ്വീകരിക്കേണ്ട ട്രാഫിക് പൊലീസുകാരാകട്ടെ കാഴ്ചക്കാരായി മാറുന്നു.
കണ്ണായ സ്ഥലങ്ങളിലെല്ലാം കൈയേറ്റം വ്യാപകമായിട്ടും നടപടി പേരിനുമാത്രം. പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡ്, ഹെഡ് പോസ്റ്റ് ഓഫിസ് റോഡ്, എം.ജി റോഡ്, എൻ.സി.സി റോഡ്, ലോഗൻസ് റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ് സ്റ്റാൻഡ് പരിസരം, എ.വി.കെ. നായർ റോഡ് എന്നിവിടങ്ങളിലെല്ലാം കൈയേറ്റം വ്യാപകമാണ്. രാവിലെ നിർത്തിയിടുന്ന വാഹനങ്ങൾ പലപ്പോഴും രാത്രിവരെ ഒരേ കിടപ്പാണ്. റോഡും നടപ്പാതയും ഒരുപോലെ കൈയേറുന്ന കാഴ്ചയാണ് പലയിടത്തും. ഇത് കാൽനടക്കാരും വാഹനം നിർത്തിയിടുന്നവരും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കുന്നു.
പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും ലോഗൻസ് റോഡിലുമാണ് നിർത്തിയിടുന്ന വാഹനങ്ങൾ ഏറെയും. ഷോപ്പിങ്ങിനെത്തുന്ന വാഹനങ്ങളും യാത്രക്കാർക്ക് വിലങ്ങുതടിയാവുകയാണ്. ചില സ്ഥാപനങ്ങളുടെ വരാന്തകൾ സ്ഥാപനത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാനായി ടൈൽസ് പാകി കൈയേറിയിട്ടുണ്ട്.
നടപടിയെടുക്കാൻ ബാധ്യതപ്പെട്ടവർ ഇക്കാര്യത്തിൽ കണ്ണടക്കുകയാണ്. ട്രാഫിക് പൊലീസ് നോ പാർക്കിങ് ബോർഡുവെച്ച ഇടങ്ങളിലെല്ലാം ചെറുതും വലുതുമായ വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരിക്കുന്നത് കാണാം. ലോഗൻസ് റോഡിലെ വ്യാപാര സമുച്ചയത്തിന്റെ വരാന്തകളിലും നടപ്പാതകളിലും കാറുകൾ ഉൾപ്പെടെ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും വഴിവെക്കുന്നു.
തലനാഴിരക്കാണ് ഇവിടെ പലപ്പോഴും അപകടം ഒഴിവാകുന്നത്. ഇവിടെ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യമാണ് കാൽനടക്കാർക്ക്. മുന്നിലെത്തുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപെടാനും സാധ്യതയേറെ. റോഡിലെ അനധികൃത കൈയേറ്റങ്ങൾക്കിടയിൽ സ്വകാര്യ ബസുകൾ തലങ്ങും വിലങ്ങുമായി നിർത്തിയിട്ട് ആളുകളെ കയറ്റുന്നതും നഗരത്തിൽ പൊല്ലാപ്പ് സൃഷ്ടിക്കുന്നു.
ഒ.വി റോഡിലും പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡ് കവലയിലുമാണ് ഇത് കാൽനടക്കാർക്ക് ശല്യമായിട്ടുള്ളത്. നഗരത്തിൽ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനത്തിൽ മാറ്റം വേണമെന്ന് പല കോണുകളിൽ നിന്നായി ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ഇനിയും നടപടിയായില്ല. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഇടക്കിടെ ചേരാറുണ്ടെങ്കിലും തീരുമാനം ഫയലിലൊതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.