തലശ്ശേരി: എക്സൈസ് ഓഫിസിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമം. തലശ്ശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവർ ചേർന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. തലശ്ശേരി എക്സൈസ് പ്രിവൻറീവ് ഓഫിസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് തലശ്ശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്.
ഖലീലിന്റെ കൈവശം 18 ഗ്രാമും, ജമാലിന്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിന്റെ കൈയിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടി. അറസ്റ്റ് ചെയ്ത് എക്സൈസ് ഓഫിസിലെത്തിച്ചപ്പോൾ പ്രതിയായ ജമാൽ അക്രമാസക്തനാവുകയും എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഓഫിസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്കാനർ, പ്രിന്റർ, ടേബിൾ, പെഡസ്റ്റൽ ഫാൻ എന്നിവ അടിച്ചു തകർത്തു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്.
അസി. എക്സൈസ് ഓഫിസർ സെന്തിൽകുമാർ, പ്രിവൻറീവ് ഓഫിസർ വി.കെ. ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി.കെ. ഫൈസൽ, യു. ഷെനിത്ത് രാജ്, ജസ്ന ജോസഫ്, എം. ബീന എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വനിത ജീവനക്കാർ ഉൾപ്പെടെയുള്ളപ്പോഴായിരുന്നു അക്രമം. കഴിഞ്ഞ ദിവസവം ഖലീലിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.