തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ കിഫ്ബി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി നിർമിക്കുന്ന 14 നില ബ്ലോക്കിന്റെ കല്ലിടലും പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശനിയാഴ്ച ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.
സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. എം.പിമാരായ കെ. മുരളീധരൻ, വി. ശിവദാസൻ, പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 3 ടെസ്ല എം.ആർ.ഐ സ്കാനർ, ഡെക്സാ സ്കാനർ, ജെർമേനിയം -ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയാണ് പൂർത്തിയായ പദ്ധതികൾ.
എം.സി.സിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിട സമുച്ചയ നിർമാണം.
എം.സി.സിയിൽ ഉടൻ തന്നെ റോബോട്ടിക് സർജറി സജ്ജമാകും. കണ്ണിലെ അർബുദം ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ നടത്തുന്ന രാജ്യത്തെ നാലാമത്തെ സർക്കാർ ആശുപത്രിയായി എം.സി.സി മാറി. കാൻസർ ചികിത്സ രംഗത്ത് കുതിപ്പാകുന്നതാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളെന്ന് എം.സി.സി ക്ലിനിക്കൽ ഹെമറ്റോളജി-മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ചന്ദ്രൻ കെ. നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ആരോഗ്യമേഖലയിലെ ബൃഹത്തായ പദ്ധതിയാണ് 'ഡെവലപ്മെന്റ് ഓഫ് മലബാർ കാൻസർ സെന്റർ'. പദ്ധതിക്കായി 406 കോടി രൂപയുടെ സാമ്പത്തിക -ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 14 നിലകളുള്ള ആശുപത്രി സമുച്ചയത്തിന് 5,52,000 അടി വിസ്തീർണമുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റ്, ജല സംസ്കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയും അനുബന്ധമായുണ്ടാവും. 11 അത്യാധുനിക ഓപറേഷൻ തിയറ്ററും ബോൺമാരോ സർജറി വിഭാഗവും 20ലേറെ സ്പെഷാലിറ്റി വകുപ്പുകളും കെട്ടിടത്തിൽ സജ്ജീകരിക്കും. കിഫ്ബി ഒന്നാംഘട്ടത്തിൽ 100 കോടിയിലേറെ രൂപയുടെ പദ്ധതി പൂർത്തിയായി.
അർബുദ രോഗ നിർണയം കൃത്യമായി നടത്താൻ 3 ടെസ്ല എം.ആർ.ഐ സ്കാനറിലൂടെ സാധിക്കും.പ്ലാൻ ഫണ്ടിൽ നിന്ന് 18.50 കോടി രൂപ ചെലവിലാണിത് സ്ഥാപിച്ചത്. എം.സി.സിയിൽ നിലവിൽ 1.5 ടെസ്ല എം.ആർ.ഐ സ്കാനറാണുള്ളത്.
കീമോതെറപ്പിയും റേഡിയേഷനും കഴിഞ്ഞ് ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നൽകാൻ ഡെക്സ സ്കാനർ സംവിധാനം ഒരുക്കും. നിലവിൽ എം.സി.സിയിൽ ഇത്തരം പരിശോധനക്കെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്കാണ് അയക്കുന്നത്. 53.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഡെക്സാ സ്കാനർ സ്ഥാപിച്ചത്.
പ്രോസ്റ്റേറ്റ് കാൻസറിന്റെയും ന്യൂറോ എൻഡോക്രൈൻ വിഭാഗത്തിൽപ്പെടുന്ന കാൻസറുകളുടേയും രോഗ നിർണയത്തിനാവശ്യമായ റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് 65 ലക്ഷം ചെലഴിച്ചുള്ള ജെർമേനിയം ഗാലിയം ജനറേറ്റർ. മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കൂടുതൽ കൃത്യതയിലും കുറഞ്ഞ ചെലവിലും രോഗികൾക്ക് ഈ സംവിധാനം ലഭ്യമാക്കാൻ സാധിക്കും. 40 രോഗികൾ ഇതിനകം ഈ സൗകര്യം പ്രയോജനപ്പെടുത്തി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു കാൻസർ സെന്ററിൽ സൈക്കോ -ഓങ്കോളജി വിഭാഗത്തോട് ചേർന്ന് 7.61 ലക്ഷത്തോളം ചെലവഴിച്ച് ബയോ ഫീഡ്ബാക്ക് ഉപകരണം സജ്ജമാക്കുന്നത്. ബയോഫീഡ്ബാക്ക് ഡിവൈസ് ഉപയോഗിച്ച് മാനസിക സമ്മർദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വേദന, മനസ്സിന്റെ സ്വാധീനത്താലുള്ള മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ കൈകാര്യം ചെയ്യുവാൻ സാധിക്കും.
7.61 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഉപകരണം സജ്ജമാക്കിയത്. ഒരു കോടി രൂപ ചെലഴിച്ചാണ് പ്രതിദിനം 4,00,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.