തലശ്ശേരി: കണ്ണൂർ ജില്ല ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ചാലിൽ കസ്റ്റംസ് റോഡിലെ കൊളത്തായി ഹൗസിൽ കെ. സുനീറാണ് (34) ബുധനാഴ്ച പുലർച്ച അഞ്ചിന് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ആയിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കാപ്പ നിയമം ലംഘിച്ച് തിരിച്ചെത്തിയ യുവാവിനെ ഏപ്രിൽ 28ന് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. അപസ്മാരബാധയെ തുടർന്നാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടോയ് ലറ്റിൽ പോകണമെന്ന് പറഞ്ഞ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്താൽ പൊലീസ് ആയിക്കരയിൽ നിന്ന് ഇയാളെ പിടികൂടി.
നിരവധി കേസുകളിൽ പ്രതിയായ സുനീറിനെ അടുത്താണ് കാപ്പ ചുമത്തി നാടുകടത്തിയത്. മയക്കുമരുന്ന്, ക്വട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയായിരുന്നു. സുനീർ ഉപയോഗിച്ച വാഹനവും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.