തലശ്ശേരി: കതിരൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം. 2018ൽ തന്നെ അംഗീകാരം കരസ്ഥമാക്കിയിരുന്നു. അത് നിലനിർത്താനായത് അഭിമാനാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു.
93.52 ശതമാനം സ്കോർ നേടിയാണ് കതിരൂർ കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം നിലനിർത്തിയത്. നേരത്തേ കായകൽപ പുരസ്കാരവും ആർദ്ര കേരള പുരസ്കാരവും കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. 1972 ലാണ് കതിരൂരിൽ ആരോഗ്യ കേന്ദ്രം സ്ഥാപിതമായത്. 2005ൽ അനുബന്ധ കെട്ടിടം പണിതു.
പിന്നീട് ലബോറട്ടറി, ഫിസിയോ തെറപ്പി യൂനിറ്റ്, ഫാർമസി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി. ജീവനക്കാരുടെ പെരുമാറ്റം, ശുചിത്വം എല്ലാം ഒന്നിനൊന്ന് മെച്ചമാണിവിടെ. ജീവിതശൈലി രോഗം, കുട്ടികളുടെ ഇമ്യൂണൈസേഷൻ, ഗർഭിണികൾക്കുള്ള വാക്സിനേഷൻ, ആശ്വാസ് ഡിപ്രെഷൻ സ്ക്രീനിങ് ക്ലിനിക്, കൗമാരക്കാർക്കുള്ള ക്ലിനിക് എന്നിവയുണ്ട്. മറ്റു കുടുംബാരോഗ്യ കേന്ദ്രങ്ങളിലില്ലാത്ത ഫിസിയോ തെറപ്പി, ഡെന്റൽ ഒ.പി എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. ലാബ് സംവിധാനവും വൈകീട്ട് വരെയുള്ള ഒ.പിയുമുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പ്രത്യേക പരിശോധനയും പുറമെ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭിക്കും. പാലിയേറ്റിവ് കെയർ വിഭാഗം മാസത്തിൽ 20 ദിവസം ഫീൽഡിലെത്തി കിടപ്പുരോഗികൾക്ക് താങ്ങാകുന്നു. ഡോ. വിനീത ജനാർദനനാണ് മെഡിക്കൽ ഓഫിസർ. കേന്ദ്രത്തിന് കീഴിൽ ചുണ്ടങ്ങാപ്പൊയിൽ, പുല്യോട്, മലാൽ, കുണ്ടുചിറ എന്നീ സബ് സെന്ററുകളും 30 ആശാ വർക്കർമാരും 24 ഹരിതകർമ സേനാംഗങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.