തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപാലം നിർമാണം ഒക്ടോബറിൽ പൂർത്തീകരിക്കും. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഒക്ടോബർ പകുതിയോടെ നിർമാണം പൂർത്തിയാക്കുന്നതിന് തീരുമാനമെടുത്തത്.
റെയിൽവേ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി 18, 19, 20 തീയതികളിലായി നടക്കും. തുടർന്ന് റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുമുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 18ന് സൈറ്റ് സന്ദർശിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ രാജഗോപാൽ, കിഫ്ബി സീനിയർ മാനേജർ എ. ഷൈല, ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ സുഹാസ്, ജനറൽ മാനേജർ സിന്ധു, എസ്.പി.എൽ ലിമിറ്റഡ് ഡി.ജി.എം മഹേശ്വരൻ, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡർ വെങ്കിടേശ്, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.