തലശ്ശേരി: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ പാഡണിയും. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള ടീമിന്റെ സഹപരിശീലകൻ. മാർച്ച് മൂന്നിന് കർണാടക ഹുബ്ലിയിൽ കർണാടകയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഷോൺ റോജറാണ് ടീം ക്യാപ്റ്റൻ. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ.
2019 ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ നായനാർ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു. 2022-23 സീസണിൽ സി.കെ. നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചിരുന്നു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു. 2021-22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14, അണ്ടർ 16, അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്.
2016 ൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉത്തരമേഖല അണ്ടർ 14 ക്രിക്കറ്റ് ടൂർണമെൻറിൽ കാസർകോടിനെതിരെ കണ്ണൂരിന്റെ വിജയത്തിൽ മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു അരങ്ങേറ്റം. വലം കൈയൻ ബാറ്ററായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്.
ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് താരമാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റെയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടെയും മകനാണ്. വരുൺ നായനാർ ജനിച്ചത് പയ്യന്നൂരാണെങ്കിലും വളർന്നത് ദുബൈയിലാണ്. സഹോദരൻ ഗോവിന്ദ് നായനാർ.
ആദ്യമായാണ് കേരള ടീമിലേക്ക് സഹപരിശീലകനായി ദിജു ദാസ് നിയമിതനാകുന്നത്. ബി.സി.സി.ഐ ലെവൽ 1 സർട്ടിഫൈഡ് കോച്ചായ ദിജു ദാസ് നിലവിൽ വിവിധ കാറ്റഗറിയിലുള്ള കണ്ണൂർ ജില്ല ടീം പരിശീലകനാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂർ ജില്ല ക്രിക്കറ്റ് അക്കാദമി പരിശീലകനായും 19, 16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല ടീം കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്, എറണാകുളം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, എറണാകുളം കോർഡിയൻറ് ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. എരഞ്ഞോളി കുടക്കളത്ത് ശ്രീദളത്തിൽ ദാസൻ - ബീന ദമ്പതികളുടെ മകനാണ് ബിരുദധാരിയായ ദിജു ദാസ്. ഭാര്യ മഞ്ജുഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.