തലശ്ശേരി: ദുർഘടം നിറഞ്ഞതാണ് തലശ്ശേരി കുയ്യാലി പാലം വഴിയുള്ള യാത്ര. മഴ തിമർത്തു പെയ്യുമ്പോൾ ദുരിതയാത്രയാണ്. പാലത്തിന്റെ കൈവരികൾ തകർന്ന് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലത്തിന്റെ തകർച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അരനൂറ്റാണ്ടിന്റെ പഴക്കമുള്ള കുയ്യാലി പാലം തലശ്ശേരി ടൗണിൽനിന്ന് സമീപപ്രദേശങ്ങളായ കൊളശ്ശേരി, തോട്ടുമ്മൽ, കായലോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും ചോനാടത്തേക്കും പോകാനുള്ള എളുപ്പ വഴിയാണ്.
കുണ്ടും കുഴിയും നിറഞ്ഞ അപകടാവസ്ഥയിലായ കുയ്യാലി പാലത്തിലൂടെ ജനങ്ങൾ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. പാലത്തിന് തൊട്ടടുത്ത് റെയിൽവേ ഗേറ്റും സ്ഥിതി ചെയ്യുന്നു. ട്രെയിൻ കടന്നു പോകാനായി ഗേറ്റ് അടച്ചാൽ ഭാരം കൂടിയ വാഹനങ്ങൾ ഉൾപ്പെടെ നിർത്തുന്നത് പാലത്തിന് മുകളിലാണ്. പൊതുവേ വീതി കുറഞ്ഞ പാലമായതിനാൽ ഇരുഭാഗങ്ങളിലേക്കും വാഹനം കടന്ന് പോകുന്നത് ഏറെ സാഹസപ്പെട്ടാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മെറ്റലുകൾ പാകിയെന്നല്ലാതെ മറ്റൊരു പ്രവൃത്തിയും ഇവിടെ നടന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം കാലപ്പഴക്കത്താൽ ജീർണിച്ച കുയ്യാലി പാലത്തിനും പുഴക്കും കുറുകെ മേൽപാലം പ്രവൃത്തിക്ക് കെ.എസ്.ടി.പി നടപടി സ്വീകരിച്ചതായി പൊതുപ്രവർത്തകൻ മൂസ്സക്കുട്ടി പെരിങ്ങാടിക്ക് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.