തലശ്ശേരി: നിരവധി വ്യാപാര സ്ഥാപനങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ച ഒഴിയാബാധയായി. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ കെട്ടിടം നഗരസഭാധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ്.
കെട്ടിടത്തിന്റെ പല ഭാഗങ്ങളും മഴയത്ത് ചോർന്നൊലിക്കുകയാണ്. ചോർച്ചയുള്ള ഭാഗങ്ങളിൽ സ്വന്തം ചെലവിൽ സ്ഥാപന നടത്തിപ്പുകാർ തന്നെ പരിഹാരം കാണണമെന്നാണ് നിലവിലെ അവസ്ഥ. ഒരിടത്ത് ചോർച്ചക്ക് പരിഹാരമുണ്ടാക്കുമ്പോൾ ദിവസങ്ങൾ കഴിയുമ്പോഴേക്കും ചോർച്ച മറ്റ് ഭാഗങ്ങളിലേക്ക് പടരുകയാണ്. കെട്ടിടത്തിന്റെ മുകളിലും താഴെ നിലയിലുമായി വെള്ളം തളം കെട്ടുന്ന അവസ്ഥക്ക് ഇനിയും ശാശ്വത പരിഹാരമുണ്ടാക്കാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് സാധിക്കുന്നില്ല.
മഴയും കാറ്റും ശക്തിയുള്ള സമയങ്ങളിൽ കെട്ടിടത്തിൽ ചോർച്ച രൂക്ഷമാണ്. മുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെള്ളം താഴെ നിലയിലും വ്യാപിക്കുകയാണ്. ബാങ്കിലും മറ്റ് ഓഫിസുകളിലും വ്യത്യസ്ത ആവശ്യങ്ങൾക്കായെത്തുന്ന പ്രായമേറിയവരാണ് കെട്ടിടത്തിലെ വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുന്നത്. സർക്കാർ - അർധസർക്കാർ ഓഫിസുകൾ, ബാങ്കുകൾ, പ്രസ് ഫോറം, വിവിധ മാധ്യമ ബ്യൂറോകൾ, സഹകരണ പ്രസ്, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ്, ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫിസുകൾ, ട്രാവൽ ഏജൻസി, തുന്നൽ കടകൾ, ബ്യൂട്ടി പാർലറുകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫിസ്, കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ച പതിവാണ്. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടത്തിന്റെ മുകളിൽ ആസ്ബറ്റോസ് ഷീറ്റുകൾ പാകിയിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷത്തെ മഴയിൽതന്നെ തൊട്ടുതാഴെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ചോർച്ച തുടങ്ങിയിരുന്നു.
ചോർച്ച പരിഹരിക്കുന്നതിന് നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതിനാൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം കനക്കുകയാണ്. കെട്ടിടത്തിലെ ചോർച്ചക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.