തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ചയോട് ചോർച്ച. കാലവർഷം തുടങ്ങുമ്പോൾ കോംപ്ലക്സിൽ ഇത് പതിവുകാഴ്ചയാണ്. വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകൾ കയറിയിറങ്ങുന്ന കെട്ടിടത്തിൽ പക്ഷേ, ചോർച്ച തടയാനുള്ള ശാശ്വത പരിഹാരം ഇനിയുമായില്ല. നഗരസഭ എൻജിനീയറിങ് വിഭാഗം ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്.
കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ചോർച്ച രൂക്ഷമായിട്ടുളളത്. മഴ പെയ്ത് തോർന്നാലും ചോർച്ച നിൽക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം. നേരത്തെ ലക്ഷങ്ങൾ മുടക്കി മുകളിൽ ഷീറ്റ് പാകിയും സീലിങ് പ്ലാസ്റ്ററിങ് നടത്തിയും മിനുക്കുപണികൾ നടത്തിയ ഭാഗമാണ് മഴയിൽ വീണ്ടും ചോർന്നൊലിക്കുന്നത്.
തലശ്ശേരിയിലെ ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ ഡിവിഷൻ ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ അകത്തും പുറത്തും ചോരുന്നുണ്ട്. തൊട്ടടുത്ത താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസും മഴയത്ത് ചോർന്നൊലിക്കുകയാണ്.
നഗരസഭ ഹെൽത്ത് ഡിവിഷൻ ഓഫിസ്, എജുകേർ, ടാക്സ് കൺസൽട്ടൻസി ഓഫിസ്, പ്രസ് ഫോറം, ദേശാഭിമാനി ബ്യൂറോ തുടങ്ങി പൊതുജനം ദൈനംദിനം വന്നുപോവുന്ന നിരവധി സ്ഥാപനങ്ങൾ മുകൾനിലയിൽ പ്രവർത്തിക്കുന്നുണ്ട്.
മുകളിലേക്ക് താഴെനിന്നും ആളുകൾ കയറി വരുന്ന സ്റ്റെയർകേസിന്റെ ചവിട്ടുപടികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഏറെ ശ്രദ്ധിച്ചില്ലെങ്കിൽ വഴുതി വീഴുന്ന അവസ്ഥയാണ്. ഇവിടുത്തെ സീലിങ് ഭാഗവും അടർന്നുവീഴുമെന്ന ആശങ്കയുണ്ട്. നാല് പതിറ്റാണ്ടിന്റെ പഴക്കമുള്ള ബഹുനില കെട്ടിടമാണിത്.
താഴെനിലയിലും നേരത്തെ ചോർച്ച അനുഭവപ്പെടാറുണ്ടായിരുന്നു. കാലപ്പഴക്കവും കടലിന്റെ സാമീപ്യം കാരണമുള്ള ഉപ്പ് കാറ്റേൽക്കുന്നതും കാരണം കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളിലും തുരുമ്പിക്കുന്നുണ്ട്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സീലിങ് കോൺക്രീറ്റ് പാളികൾ നേരത്തെ പലയിടങ്ങളിലായി അടർന്ന് വീണിരുന്നു. ഒന്നാം നിലയിൽ ആശുപത്രി റോഡിന് അഭിമുഖമായുള്ള ജനലുകൾ പലതും ദ്രവിച്ച് തൂങ്ങിക്കിടക്കുകയാണ്.
ജനൽ ഗ്ലാസുകൾ പലപ്പോഴും താഴെ വീണുപൊട്ടിയിട്ടുണ്ട്. ആരുടെയൊക്കെ ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ ദുരന്തമില്ലാതിരുന്നത്. കെട്ടിടത്തിലെ ചോർച്ച പരിഹരിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിന് കെട്ടിടം വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.