തലശ്ശേരി: മാവോവാദി നേതാക്കളായ ബി.ജി. കൃഷ്ണമൂർത്തി എന്ന വിജയിയെയും സാവിത്രി എന്ന രജിതയെയും കോടതി വീണ്ടും ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിൽ നൽകി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന എ.ടി.എസ് ഹരജി പരിഗണിച്ചാണ് തലശ്ശേരി ജില്ല സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി രണ്ടുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
വിയ്യൂർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സാവിത്രിയെയും എ.ടി.എസ് കസ്റ്റഡിയിലുള്ള കൃഷ്ണമൂർത്തിയെയും കനത്ത പൊലീസ് സുരക്ഷയിലാണ് ചൊവ്വാഴ്ച രാവിലെ തലശ്ശേരി ജില്ല കോടതിയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പ് കൃഷ്ണമൂർത്തിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി. പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ മുഖേന എ.ടി.എസ് നൽകിയ ഹരജി പരിഗണിച്ച്, സാവിത്രിയെ ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിരുന്നു.
ആറളം, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോവാദികൾ നടത്തിയ ഓപറേഷനുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനാണ് രണ്ടുപേരെയും എ.ടി.എസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30ന് നടന്ന സംഭവത്തിലാണ് കൃഷ്ണമൂർത്തിയെ എ.ടി.എസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയത്.
കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റി മലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി ഭക്ഷണസാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഖ 'കാട്ടുതീ' വിതരണം ചെയ്തെന്നുമാണ് കേസ്. യു.എ.പി.എ ചുമത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി. ലത എന്ന മുണ്ട ഗാരുലത, മലമ്പുഴ ലത എന്ന അനു, സുന്ദരി എന്ന അനു, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരെക്കൂടി പിടികൂടാനുണ്ടെന്നും എ.ടി.എസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. കൃഷ്ണമൂർത്തി ദേശവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് തെളിവുകൾ ലഭിച്ചതായാണ് എ.ടി.എസ് അവകാശപ്പെടുന്നത്.
നവംബർ 10ന് പുലർച്ച സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് മാവോവാദി കബനീദളം നേതാവ് സാവിത്രിയും പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തിയും എ.ടി.എസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.