കേരളപ്പിറവി ദിനത്തിൽ അളവ് തുടങ്ങും

കണ്ണൂർ: ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണമായും അളക്കുന്ന 'എന്റെ ഭൂമി' എന്ന പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂർണമായും നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായരീതിയിൽ ഡിജിറ്റലായി സർവേ ചെയ്ത് കൃത്യമായ ഭൂരേഖകൾ തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയുടെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.

ഇതേസമയം ജില്ലതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. 'എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാർനയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ.

ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാവും. സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ 48 സർവേയർമാരെയും 180 സഹായികളെയും താൽക്കാലികമായി നിയമിക്കും. ഭൂമിസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും. സർവേ നടപടികൾക്ക് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ കലക്ടർ അഭ്യർഥിച്ചു.

വാർത്തസമ്മേളനത്തിൽ അസി. കലക്ടർ മിസൽ സാഗർ ഭരത്, റീസർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Measurements will start on keralapiravi day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.