murder case

ഇരട്ടക്കൊല: സമഗ്ര അന്വേഷണം വേണം

തലശ്ശേരി: സി.പി.എം ഭരണത്തിൽ പൊലീസിനെ നോക്കുകുത്തിയാക്കി ലഹരിമാഫിയ തഴച്ചുവളരുന്നതിന്റെ തെളിവാണ് തലശ്ശേരിയിൽ രണ്ട് സി.പി.എം പ്രവർത്തകരെ നിഷ്ഠുരമായി വെട്ടിക്കൊന്ന സംഭവമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരായ ലഹരിമാഫിയ സംഘമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ചതടക്കമുള്ള ക്രിമിനൽ കേസുകളിൽ മുഖ്യപ്രതിയായ പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ ത്രിവർണ ഹൗസിൽ കെ. ഖാലിദിനെയും സഹോദരി ഭർത്താവ് പൂവനാഴി ഷമീറിനെയും ആസൂത്രിതമായി വെട്ടിക്കൊന്നത്.

എതിർക്കുന്നവരെ ആക്രമിച്ചാണ് പ്രതികാരം തീർക്കുന്നത്. ബി.ജെ.പിയിൽനിന്നും വർഷങ്ങൾക്ക് മുമ്പ് സി.പി.എമ്മിലെത്തിയ ഇയാളെ പാർട്ടിയാണ് സംരക്ഷിക്കുന്നത്. തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം പൊലീസ് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിമാഫിയകൾക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. 

പിന്നില്‍ ലഹരിമാഫിയ സംഘം -സി.പി.എം

കണ്ണൂർ: തലശ്ശേരിയിലെ ഇരട്ടക്കൊലക്ക് പിന്നിൽ ലഹരിമാഫിയ സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കഞ്ചാവ് വിൽപന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്‍റെ നേതൃത്വത്തിലുള്ള ലഹരിമാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കു പറ്റിയവരും പ്രതികരിച്ചിരുന്നു.

അതിനോടുള്ള പകയാണ് കൊലപാതകത്തില്‍ എത്തിച്ചത്. ലഹരിമാഫിയ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണ്. അതാണ് തലശ്ശേരിയില്‍ കണ്ടത്. കൊലയാളികളെയും അവരെ സഹായിച്ചവരെയും എത്രയും പെട്ടെന്ന് പൊലീസ് പിടികൂടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തക്കതായ ശിക്ഷ നൽകണം

തലശ്ശേരി: നഗരത്തിൽ പട്ടാപ്പകൽ രണ്ടുപേരെ കൊലപ്പെടുത്തിയ ലഹരിമാഫിയ സംഘത്തിന് തക്കതായ ശിക്ഷ നൽകണമെന്നും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രതപുലർത്തണമെന്നും എൻ.സി.പി തലശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

പുരുഷു വരക്കൂൽ അധ്യക്ഷത വഹിച്ചു. കെ. സുരേശൻ, കെ. വിനയരാജ്, കെ.വി. രജീഷ്, പി. പ്രസന്നൻ, സന്ധ്യാ സുകുമാരൻ, സുരേഷ് ബാബു, വി.എൻ. വത്സരാജ്, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - murder case-wider investigation required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.