തലശ്ശേരി: കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ ആശുപത്രി കിടക്കയിൽ നല്ലൊരു ജീവിതം സ്വപ്നം കാണുകയാണ് 14കാരി നഫീസ നഷ്വ. രക്താർബുദം തളർത്തിയ നഷ്വയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ സമൂഹത്തിന്റെ കാരുണ്യം കൂടിയേ തീരു. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ആമ്പിടാട്ടിൽ പുല്ലമ്പി വീട്ടിൽ എ.പി. നവാസ് -ടി.പി. റസ്മിന ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് നഷ്വ.
രണ്ടുവർഷം മുമ്പാണ് രോഗം കണ്ടുപിടിച്ചത്. എറണാകുളത്തായിരുന്നു തുടക്കത്തിൽ ചികിത്സ. നീണ്ട ചികിത്സക്കൊടുവിൽ രോഗം ഭേദമായെങ്കിലും രോഗം വീണ്ടും കണ്ടുതുടങ്ങി.ഒരുമാസമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ ലക്ഷങ്ങൾ ചികിത്സക്ക് ചെലവായി. ദുബൈയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന നവാസ് അധ്വാനിച്ച് സമ്പാദിച്ചതെല്ലാം മകളുടെ ചികിത്സക്കായി ചെലവഴിച്ചു.
സുമനസ്സുകൾ കൂടി നൽകുന്ന സഹായത്താലാണ് ഇപ്പോൾ ചികിത്സ തുടരുന്നത്. വിദേശത്തുനിന്നും പ്രത്യേകം വരുത്തുന്ന കീമോ ഇൻജക്ഷനുകളും സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിനുമായി 80 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞിട്ടുള്ളത്. ഒരുമാസംകൊണ്ട് ഇത്രയും തുക സ്വരൂപിക്കാൻ ഈ കുടുംബത്തിന് മറ്റുവഴികളില്ല. സുമനസ്സുകൾ കൈകോർത്താൽ നഫീസ നഷ്വയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താം. മാഹി ചാലക്കരയിലെ സെന്റ് തെരേസ ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥിനിയാണ്.
ആശുപത്രിയിൽ മാതാവിന്റെ തണലിൽ കഴിയുന്ന നഷ്വക്ക് തന്റെ ചികിത്സ പൂർണമായാൽ കൂട്ടുകാർക്കിടയിലേക്ക് തിരിച്ചുവരാമെന്ന ആത്മവിശ്വാസമുണ്ട്. നഫീസയുടെ മാതാവ് ടി.പി. റസ്മിനയുടെ അക്കൗണ്ട് നമ്പർ: 16520100012599, ഫെഡറൽ ബാങ്ക് മാഹി ബ്രാഞ്ച്, ഐ.എഫ്.എസ്.സി FDRL0001652, എം.എം.ഐ.ഡി: 9049599
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.