തലശ്ശേരി: കവർച്ചക്കേസ് പ്രതിയുടെ എ.ടി.എം കാർഡ് കൈക്കലാക്കി അര ലക്ഷത്തോളം രൂപ തട്ടിയെന്ന കേസിൽ പ്രതിയായ പൊലീസുകാരെൻറ മുൻകൂർ ജാമ്യഹരജി കോടതി തള്ളി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന എൻ. ശ്രീകാന്തിനാണ് ജില്ല സെഷൻസ് ജഡ്ജി കെ.കെ. സുജാത മുൻകൂർ ജാമ്യം നിഷേധിച്ചത്.
പൊലീസിൽനിന്നും സസ്പെൻഷനിലായ ശ്രീകാന്ത് ഒളിവിലിരിക്കെയാണ് ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജിക്കാരൻ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയ കവർച്ചക്കേസിലെ പ്രതി തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി. ഗോകുലിെൻറ പണമാണ് ഇയാളുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ആസൂത്രിതമായി പിൻവലിച്ചത്. പണം പിൻവലിച്ചത് സംബന്ധിച്ച സന്ദേശം സഹോദരിക്ക് ലഭിച്ചതോടെയാണ് ഇവർ പരാതിയുമായി പൊലീസിലെത്തിയത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് താഴെ ബക്കളത്തെ സ്നേഹ ബാറിന് മുൻവശം നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ് കുമാറിെൻറ കാറിൽനിന്ന് പുളിമ്പറമ്പിലെ ഗോകുൽ എ.ടി.എം കാർഡും 2000 രൂപയും മോഷ്ടിച്ചിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത ഗോകുൽ പണം സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാറുള്ളതത്രെ. പിടിയിലാവുമ്പോൾ സഹോദരിയുടെ എ.ടി.എം കാർഡും ഗോകുലിെൻറ കൈവശമുണ്ടായിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് സൂത്രത്തിൽ പിൻനമ്പർ കൈക്കലാക്കിയെന്നും ഈ കാർഡ് ഉപയോഗിച്ച് ഒന്നിലേറെ തവണകളായി എ.ടി.എമ്മിൽനിന്നും പണം പിൻവലിച്ചെന്നുമാണ് കേസ്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നിർദേശപ്രകാരം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്തിെൻറ പങ്ക് വ്യക്തമായത്. വിശദ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടതിനെ തുടർന്ന് ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.