തലശ്ശേരി: കണ്ണൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ട്രാൻസ്ജെൻഡർ നിധീഷിനും മാതാവിനും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. പൊന്ന്യം പറാംകുന്നിൽ ഇവർക്കായി നിർമിച്ച വീടിന്റെ നിർമാണം പൂർത്തിയായി. അടുത്ത് തന്നെ വീട് കുടുംബത്തിന് കൈമാറും. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീടാണിത്. കണ്ണൂർ ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് ഇത് യാഥാർഥ്യമാക്കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് മാസങ്ങൾക്ക് മുമ്പ് വീടിന് തറക്കല്ലിട്ടത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കതിരൂർ പഞ്ചായത്തിന്റെ രണ്ട് ലക്ഷവും ജില്ല പഞ്ചായത്തിന്റെ ഒരു ലക്ഷവും ഉദാരമതികളായ നാട്ടുകാരിൽ നിന്ന് സംഭാവനയായി സ്വീകരിച്ച മൂന്ന് ലക്ഷവും ചേർത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്. പൊന്ന്യം പറാംകുന്ന് നാല് സെന്റ് കോളനിയിൽ പഞ്ചായത്ത് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീടുള്ളത്.
ട്രാൻസ്ജെൻഡർ ആയതിനാൽ കുടുംബം അകറ്റി നിർത്തുന്ന സാഹചര്യമുണ്ടായപ്പോഴാണ് യുവാവും മാതാവും വാടക വീട്ടിലേക്ക് താമസം മാറിയത്. ''എനിക്കെന്റെ ഉമ്മയോടൊപ്പം ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ മന:സമാധാനത്തോടെ ഉറങ്ങണ''മെന്ന നിധീഷിന്റെ സ്വപ്നമാണ് പഞ്ചായത്തിന്റെ കരുത്തിൽ യാഥാർഥ്യമാകുന്നത്. ട്രാൻസ്ജെൻഡർ ഭവന പദ്ധതിയിൽ ചരിത്രത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.
കതിരൂർ പഞ്ചായത്തിലെ 26-ാം വാർഡിലെ പറമ്പത്ത് ഹൗസിങ് കോളനിയിലുള്ള ട്രാൻസ്ജെൻഡറാണ് നിധീഷ്. ഇത്തരക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഭവന നിർമാണ പദ്ധതിക്ക് പിന്നിലുണ്ട്. അവഗണനയും ഒറ്റപ്പെടുത്തലും ഒരു ഭാഗത്ത് തുടരുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗത്തെ ചേർത്തുനിർത്തി പൊതുസമൂഹത്തിനൊപ്പം നടത്താനുള്ള ശ്രമവും ഇതോടൊപ്പമുണ്ട്.
ഒറ്റ നിലയാണെങ്കിലും വീട് മനോഹരമായി നിർമിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ 'മാധ്യമ'ത്തോട് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹികമായും പ്രയാസപ്പെടുന്നവർക്ക് ഭവനം നൽകാമെന്ന സർക്കാറിന്റെ പ്രത്യേക മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട് നിർമിച്ചത്. കതിരൂരിൽ നിധീഷടക്കം ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ട രണ്ട് വ്യക്തികളാണുള്ളത്. കാന്തി എന്ന മറ്റൊരു വ്യക്തിക്ക് പഞ്ചായത്ത് ഫണ്ട് ലഭ്യമാണെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിൽ സ്വന്തം വീട് നിർമിച്ച് നൽകുമെന്നും സാമൂഹികമായി ഒറ്റപ്പെട്ടവർക്ക് ഇത്തരം പദ്ധതികൾ കരുത്തേകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.