തലശ്ശേരി: മഞ്ഞോടിയിലെ കോൺഗ്രസ് പ്രവർത്തകൻ പാണ്ടിയിൽ വീട്ടിൽ രവീന്ദ്രന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് കണ്ണൂർ സെൽ എ.സി.പി ടി.പി. പ്രേമരാജിനാണ് അന്വേഷണച്ചുമതല. നേരത്തെ കേസന്വേഷിച്ച ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഫയലുകൾ ഏറ്റുവാങ്ങി.
രവീന്ദ്രന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ നവംബർ മൂന്നിന് പുലർച്ചെ താമസിക്കുന്ന വീടിനോട് ചേർന്നുള്ള ശുചിമുറിക്കടുത്താണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മരിച്ച രവീന്ദ്രന്റെ ഭാര്യ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും നിർണായക വിവരമൊന്നും ലഭിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തലശ്ശേരി എ.സി.പി വിഷ്ണുപ്രദീപ്, സി.ഐ കെ. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നേരത്തെ കേസന്വേഷിച്ചത്. രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി മെംബർ കെ. ശിവദാസൻ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.