തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് ടാക്സി സ്റ്റാൻഡിൽ നഗരസഭയുടെ പാർക്കിങ് പ്ലാസ നിർമാണത്തിന് മണ്ണ് പരിശോധനക്കെത്തിയവരെ തടയാനുള്ള ശ്രമം ഞായറാഴ്ചയും സംഘർഷത്തിന് വഴിവെച്ചു. ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് പാർക്കിങ് പ്ലാസ നിർമാണത്തിന്റെ ഭാഗമായാണ് മണ്ണുപരിശോധന നടത്തുന്നത്.
ഡ്രൈവർമാരുടെ സംയുക്ത സമരസമിതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തടയാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതോടെ മണ്ണ് പരിശോധന ആരംഭിച്ചു. മൂന്നാം തവണയാണ് മണ്ണ് പരിശോധന തടസ്സപ്പെടുത്തുന്നത്. ശനിയാഴ്ച വൈകീട്ടും അതിന് മുമ്പും ഉദ്യോസ്ഥർ പരിശോധനക്കെത്തിയപ്പോൾ ഡ്രൈവർമാർ തടഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ ടാക്സി സ്റ്റാൻഡ് പൊലീസ് വലയത്തിലായിരുന്നു. പരിശോധനക്ക് ഉദ്യോഗസ്ഥർ വന്നാൽ തടയാനുള്ള തീരുമാനവുമായി ഡ്രൈവർമാരും രംഗത്തെത്തി.
11 ഓടെ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ലജീഷിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കാനെത്തിയതോടെ ഡ്രൈവർമാർ നഗരസഭക്കെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി മുന്നോട്ടുവന്നു.
ഇതിനിടെ സമരസമിതിയിലെ ഇ. മനീഷ് എൻജിനീയറുമായി സംസാരിച്ചെങ്കിലും മണ്ണ് പരിശോധിക്കുമെന്ന നിലപാടിൽ ഉദ്യോഗസ്ഥൻ ഉറച്ചുനിന്നു. തടയുകയാണെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും നിലപാടെടുത്തു.
സ്റ്റാൻഡിൽ മണ്ണ് പരിശോധിക്കാനുള്ള യന്ത്രമിറക്കാൻ തുടങ്ങിയതോടെ തടയാൻ ശ്രമിച്ച 14 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഒടുവിൽ മൂന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു.
അഞ്ച് പതിറ്റാണ്ടായി ടാക്സി സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്ത് പാർക്കിങ് പ്ലാസ നിർമാണം അനുവദിക്കില്ലെന്നാണ് ഡ്രൈവർമാരുടെ നിലപാട്. പാർക്കിങ് പ്ലാസ നിർമിക്കാൻ രണ്ട് വർഷം മുമ്പാണ് സർക്കാർ 10 കോടി അനുവദിച്ചത്.
നഗരസഭയുടെ കൈവശമുള്ള 28 സെന്റ് ഭൂമിയിൽ എട്ടുനില കെട്ടിടം നിർമിക്കാനാണ് തീരുമാനം. സി.ഐ ബിജു ആന്റണി, എസ്.ഐമാരായ അഷ്റഫ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്റ്റാൻഡിൽ നിലയുറപ്പിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തവരെ ഉച്ചക്ക് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.