തലശ്ശേരി: മണ്ഡലത്തിലെ മുഴുവൻ പേർക്കും പട്ടയം അനുവദിക്കുന്നതിന് മുന്നോടിയായി സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ പട്ടയം അസംബ്ലി ചേർന്നു. രേഖകളില്ലാതെ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകാനാണ് പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി നടത്തുന്നത്.
തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നോഡൽ ഓഫിസർ ടി.വി. രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി.
മണ്ഡലത്തിലെ ലക്ഷം വീട് കോളനികളുടെയും നൽകാൻ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദ പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളിൽനിന്നും വില്ലേജ്തല ജനകീയ സമിതികളിൽ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.
ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങൾ പരിശോധിച്ച് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും.
പരിഹരിക്കാൻ കഴിയാത്തവ നിലവിലുളള പട്ടയം ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. ഇത്തരം വിഷയങ്ങൾ ജില്ല കലക്ടർ അധ്യക്ഷനായ ജില്ല ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനക്ക് അയക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. ശ്രീഷ (എരഞ്ഞോളി), സി.കെ. രമ്യ (ചൊക്ലി), സി.കെ. അശോകൻ (പന്ന്യന്നൂർ), എം.കെ. സെയ്ത്തു (ന്യൂ മാഹി) വിവിധ വാർഡ് കൗൺസിലർമാർ, അംഗങ്ങൾ, തലശ്ശേരി തഹസിൽദാർ കെ. ഷീബ, എൽ.ആർ തഹസിൽദാർ വി. പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.