തലശ്ശേരി: നഗരത്തിലെ ഹോട്ടലുകളിൽ അന്യായമായി ഊൺ വില 50 രൂപയിൽ നിന്ന് 60 രൂപയാക്കി ഉയർത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം. കൺസ്യൂമർ വെൽഫെയർ ഫോറമാണ് നിവേദനം സമർപ്പിച്ചത്. നഗരത്തിലെ മിക്ക ഹോട്ടലുകളിലും ഒരേ ഭക്ഷണ പദാർഥങ്ങൾക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും ശുചിത്വവും പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല.
ഭക്ഷ്യ സുരക്ഷാനിയമവും പാലിക്കപ്പെടുന്നില്ല. ഹോട്ടലുകളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നിവേദനത്തിലെ ആവശ്യം. ഫോറം ഭാരവാഹികളായ എം.കെ. ശശിധരൻ, എം.പി. പ്രശാന്ത്, ഗഫൂർ മനയത്ത്, സി.എച്ച്. അനൂപ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.
തലശ്ശേരി: ഹോട്ടലുകളിലെ വിലക്കയറ്റത്തിനെതിരെ കൺസ്യൂമർ വെൽഫെയർ ഫോറം സമരസമിതി രൂപവത്കരിച്ചു. വില വർധന പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചു. ഫോറം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം.പി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ജില്ല കമ്മിറ്റി പ്രസിഡന്റ് എം.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, രാംദാസ് കതിരൂർ, ഗഫൂർ മനയത്ത്, എം. സദാനന്ദൻ, തച്ചോളി ഹരീന്ദ്രൻ, ടി.എം. സുധാകരൻ, സി.എച്ച്. അനൂപ്, ജയമോഹൻ, സജീവൻ ചെറുവാഞ്ചേരി, തച്ചോളി അനിൽ, ടി.എം. ഷുക്കൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഹരിദാസ് മൊകേരി (ചെയർ.), തച്ചോളി ഹരീന്ദ്രൻ (വൈ.ചെയർ.), ഇ. മനീഷ് (ജന.കൺ.), സി.എച്ച്. ജയമോഹൻ, സി.എച്ച്. അനൂപ് (കൺ.), എം. സദാനന്ദൻ (ട്രഷ.).
തലശ്ശേരി: നഗരത്തിലെ ഹോട്ടലുകളിൽ ഊൺ വില 60 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമീപ പ്രദേശത്തെ ടൗണുകളിൽ ഊൺ വില 50 രൂപയായി നിലനിൽക്കെ തലശ്ശേരിയിൽ 60 രൂപയായി ഉയർത്തിയത് ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല.
സർക്കാർ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി തുടർച്ചയായി ഊൺ വില വർധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ല. വില വർധന പിൻവലിച്ചില്ലെങ്കിൽ എ.ഐ.വൈ.എഫ് സമരത്തിനിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ. ദിപിൻ, സി.എൻ. പ്രഫൂൽ, കെ. ലിമീഷ്, എൻ. വിജീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.