തലശ്ശേരി: വ്യാജപരാതിയിൽ മനംനൊന്ത് വാടകമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച സർക്കസ് കലാകാരിയെ ധർമടം പൊലീസ് രക്ഷിച്ചു. ചിറക്കുനി - അണ്ടലൂർ റോഡിൽ തിങ്കളാഴ്ച രാവിലെ 10.15നാണ് സംഭവം. 50കാരിയായ കലാകാരിയാണ് വാതിലടച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
കൈത്തണ്ട മുറിച്ച് രക്തം വാർന്നൊഴുകുന്ന ചിത്രം തന്റെ ജീവിതകഥ എഴുതിയ മാധ്യമപ്രവർത്തകന്റെ വാട്സ് ആപ്പിൽ അയച്ചതാണ് രക്ഷിക്കാനായത്. മാധ്യമപ്രവർത്തകൻ വിവരം ധർമടം എസ്.ഐ കെ. ശ്രീജിത്തിനെ അറിയിച്ചു. എസ്.ഐയും സഹപ്രവർത്തകരും അണ്ടലൂരിലെ വാടകമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. ഈ സമയം ഇടത് കൈത്തണ്ടയിൽനിന്നും രക്തം വാർന്ന് ഇവർ കുഴഞ്ഞുവീണിരുന്നു.
വനിത പൊലീസിന്റെ സഹായത്തോടെ ഇവരെ പൊലീസ് വാഹനത്തിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. സഹപ്രവർത്തക പൊലീസിൽ വ്യാജ പരാതി നൽകിയതാണ് ഇവർ ആത്മഹത്യക്ക് ശ്രമിക്കാൻ കാരണം. ജംബോ, റെയ്മൻ, രാജ്കമൽ തുടങ്ങി വിവിധ സർക്കസ് കമ്പനികളിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ തയ്യൽജോലി ചെയ്താണ് രണ്ട് മക്കളടങ്ങിയ കുടുംബം കഴിയുന്നത്.
എസ്.ഐ ശ്രീജിത്തിനൊപ്പം എ.എസ്.ഐമാരായ പി.വി. മനോജ്, ടി. ധനേഷ്, സീനിയർ പൊലീസ് ഓഫിസർ രാഗേഷ്, വനിത പൊലീസ് ഷംസീറ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.