തലശ്ശേരി: കോടിയേരിയിൽ വീടിനും കൂത്തുപറമ്പ് രക്തസാക്ഷി മധു സ്മാരക മന്ദിരത്തിനും നേരെ അക്രമം. കോടിയേരി വയൽപ്രദേശത്തെ സി.എച്ച്. സത്യനാഥെൻറ 'തണൽ' വീടിെൻറയും സി.പി.എം അനന്തോത്ത് ബ്രാഞ്ച് ഒാഫിസ് പ്രവർത്തിക്കുന്ന മധു സ്മാരക മന്ദിരത്തിെൻറയും ജനൽചില്ലുകളാണ് ചൊവ്വാഴ്ച പുലർച്ച തകർക്കപ്പെട്ടത്. ഇടയിൽ പീടികയിലെ സി.പി.എം കൊടിമരവും നശിപ്പിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച പുലർച്ച 12.15ഓടെ ബൈക്കുകളിലെത്തിയ സംഘമാണ് സത്യനാഥെൻറ വീടാക്രമിച്ചത്. മുഴുവൻ ജനൽചില്ലും തകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കേടുവരുത്തുകയും ചെയ്തു. ഇതേ സംഘമാണ് മധുസ്മാരകത്തിന് മുന്നിലെ ജനൽചില്ലുകളും തകർത്തത്.
തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി കാമറയിൽ അക്രമത്തിെൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കോടിയേരി മേഖലയിൽ മൂന്നു ദിവസത്തിനിടയിൽ തുടർച്ചയായുണ്ടാവുന്ന നാലാമത്തെ ആക്രമണമാണിത്. ആർ.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
മഹിള അസോസിയേഷൻ നേതാവും തലശ്ശേരി നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ എം.പി. നീമയുടെ വീടിനുനേരെയും കഴിഞ്ഞ ദിവസം ബോംബേറുണ്ടായിരുന്നു. മമ്പള്ളിക്കുന്നിൽ ബോംബേറിലും അക്രമത്തിലും കോടിയേരി പബ്ലിക് ലൈബ്രറി പരിസരത്തുണ്ടായ മർദനത്തിലുമായി അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
സി.പി.എമ്മിനെ പ്രകോപിപ്പിച്ച് ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അക്രമമുണ്ടായ വീടും പാർട്ടി ഓഫിസും നേതാക്കളായ എ.എൻ. ഷംസീർ എം.എൽ.എ, സി.കെ. രമേശൻ, വി.പി. വിജേഷ്, പി.പി. ഗംഗാധരൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.