തലശ്ശേരി: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നഗരത്തിൽ വ്യാപകം. പുതിയ ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ചാണ് ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഹൻസ്, പാൻപരാഗ്, ഹാപ്പി, തുടങ്ങി വ്യത്യസ്ത പേരുകളിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിപണനം ചെയ്യുന്നത്. അടക്ക, വെറ്റില, ചുണ്ണാമ്പ്, പുകയില, പാൻപരാഗ് തുടങ്ങിയവ മിക്സ് ചെയ്തുള്ള ബീഡികളും രഹസ്യമായി കൈമാറുന്ന അന്തർ സംസ്ഥാനക്കാരായ സംഘവും നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കൃത്രിമ ലഹരി പൊടിപ്പാക്കറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. യു.പി സ്വദേശികളായ സംഘമാണ് പുകയില ലഹരി ഉൽപന്നങ്ങൾ തലശ്ശേരിയിലെത്തിക്കുന്നത്. നിർമാണ തൊഴിലാളികളെന്ന വ്യാജേന തിരുവങ്ങാട് രണ്ടാം ഗേറ്റിനടുത്തും ചാലിൽ ഭാഗത്തും നഗരത്തിലെ ചില ലോഡ്ജുകളിലുമാണ് ഇത്തരക്കാർ തമ്പടിക്കുന്നത്.
ചില കോഡുകൾ പ്രയോഗിച്ചാണ് ആവശ്യക്കാർക്ക് പുകയില ഉൽപന്നങ്ങളുടെ ഇടപാട് നടത്തുന്നത്. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ചില സ്റ്റേഷനറി കടകൾക്കടുത്ത് കൂട്ടിയിട്ട ഒഴിഞ്ഞ പെട്ടികൾക്കിടയിലും കടകളുടെ ആരും കാണാത്ത പിൻഭാഗത്തും ചെറിയ പ്ലാസ്റ്റിക് സഞ്ചികളിലാക്കിയാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കുന്നത്.
സ്ഥിരം ഇടപാടുകാർക്ക് ഇക്കാര്യം അറിയാം. ഗുഗിൾ പേ വഴി പണം കൈമാറിയും പുകയിലപ്പൊതികൾ ആവശ്യക്കാരുടെ കൈകളിലെത്തും. പാത്തും പതുങ്ങിയും ഇവ കൈക്കലാക്കിയവർ പൊടുന്നനെ സ്ഥലം വിടുന്നതാണ് വിൽപന രീതി. ബസ് ജീവനക്കാരും വിദ്യാർഥികളും ഉദ്യോഗസ്ഥരും വരെ സ്ഥിരം പറ്റുകാരായുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തലശ്ശേരിയിലെ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥർ ലഹരി വിൽപനക്കാർക്ക് പിറകെയുണ്ട്. ഒരു മാസത്തിനകം നാലോളം യു.പി യുവാക്കളെ ഹെൽത്ത് സുപ്പർവൈസറും ഇൻസ്പെക്ടർമാരും കൈയോടെ പിടികൂടി.
ഏറ്റവും ഒടുവിൽ പിടിയിലായ യു.പി സ്വദേശി കന്നയ്യയിൽ നിന്ന് 150 പുകയില പാക്കറ്റുകൾ കണ്ടെത്തി. ഹെൽത്ത് സുപ്പർവൈസർ കെ. പ്രമോദ്, എച്ച്.ഐമാരായ അരുൺ എസ്. നായർ, വി. അനിൽ എന്നിവരാണ് കന്നയ്യയെ പിന്തുടർന്ന് പിടികൂടിയത്. കന്നയ്യയിൽ നിന്നും 2000 രൂപ പിഴ ഈടാക്കി. കുറ്റം ആവർത്തിച്ചാൽ ശിക്ഷ കഠിനമാവുമെന്ന് മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.