തലശ്ശേരി: തലശ്ശേരി മഹിള മന്ദിരത്തിൽ അന്തേവാസിയായ യുവതിക്ക് മാംഗല്യം. ജോലിക്കിടയിൽ കണ്ട് ഇഷ്ടപ്പെട്ട തില്ലങ്കേരി സ്വദേശിയായ നിട്ടൂർ വീട്ടിൽ രാജേഷാണ് വനജക്ക് മിന്നുകെട്ടിയത്. വ്യാഴാഴ്ച രാവിലെ 10.30നും 11നുമിടയിലുള്ള മുഹൂർത്തത്തിലാണ് ഇവർ വിവാഹിതരായത്.
ഹോം നഴ്സായും സ്വീപ്പറായും ജോലിചെയ്ത് മഹിള മന്ദിരത്തിൽ കഴിയുകയാണ് വനജ. 2002 ഏപ്രിൽ 12നാണ് ഇവർ മഹിള മന്ദിരത്തിലെത്തിയത്. കോഴിക്കോട് ആഫ്റ്റർ കെയർ ഹോമിൽ കഴിഞ്ഞിരുന്ന വനജ റീജനൽ അസി. ഡയറക്ടറുടെ ഉത്തരവുമായി തലശ്ശേരി മഹിള മന്ദിരത്തിൽ എത്തിയതായിരുന്നു.
ഹോം നഴ്സിങ് ജോലിക്കായി കഴിഞ്ഞവർഷം നവംബറിൽ തില്ലങ്കേരിയിലെത്തിയപ്പോഴാണ് വനജ രാജേഷിനെ കണ്ട് ഇഷ്ടപ്പെട്ടത്. ഡിസംബർ 15ന് വനജയെ ജീവിതസഖിയാക്കാനുള്ള മോഹവുമായി രാജേഷ് മഹിളമന്ദിരത്തിലെത്തി. വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മഹിള മന്ദിരം അധികൃതർ വിവാഹം ഉറപ്പിക്കുകയായിരുന്നു.
കോവിഡ് കാലമാണെങ്കിലും പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ മഹിള മന്ദിരം അധികൃതരെയും ജനപ്രതിനിധികളെയും ബന്ധുക്കളെയും സാക്ഷിയാക്കി രാജേഷ് വനജയെ ജീവിതസഖിയാക്കി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വാങ്ങിയ അഞ്ചു പവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ദമ്പതികൾക്ക് വിവാഹസമ്മാനമായി കൈമാറി. കൃഷിപ്പണിക്കാരനാണ് രാജേഷ്.
തലശ്ശേരി നഗരസഭ അധ്യക്ഷ കെ.എം. ജമുനാറാണി, തലശ്ശേരി സബ് കലക്ടർ അനുകുമാരി, ജില്ല വനിത ശിശുവികസന ഓഫിസർ ദേനാ ഭരതൻ, വനിത പ്രൊട്ടക്ഷൻ ഓഫിസർ പി. സുലജ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ. രേഷ്മ, കൗൺസിലർ പ്രമീള, മഹിള മന്ദിരം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ വാഴയിൽ ലക്ഷ്മി, കെ.പി. സുരാജ്, കെ.എൻ. മോഹനൻ, കെ. വിനയരാജ്, വാഴയിൽ വാസു, ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മുഹമ്മദ്, ഗവ. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് അമർനാഥ് ഭാസ്കർ, മഹിള മന്ദിരം സൂപ്രണ്ട് എൻ. റസിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.