തലശ്ശേരി: കുടുംബം പുലർത്താൻ സിംലയിലേക്ക് ലോറി ഓടിച്ചുപോയ യുവാവ് തിരിച്ചെത്തിയത് വലത് കാൽമുട്ടിന് മുകളിൽ മുറിച്ചുമാറ്റപ്പെട്ട നിലയിൽ. പിണറായി വെണ്ടുട്ടായിയിലെ റനീഷ് നിവാസിൽ റനീഷിനാണ് (33) ഈ ദുര്യോഗം നേരിട്ടത്. കാൽ നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുകയണ് ഈ യുവാവ്.
മുന്നോട്ടുള്ള ജീവിതത്തിന് കരുണയുള്ളവരുടെ സഹായമാണ് ഇനി ആവശ്യം. ഒരു മാസം മുമ്പ് തലശ്ശേരിയിൽ നിന്ന് ഹിമാചലിലെ സിംലയിൽനിന്ന് ആപ്പിൾ കൊണ്ടുവരാൻ പോയ മൂന്ന് ലോറികളിൽ ഒന്ന് ഓടിച്ചത് റനീഷായിരുന്നു. ദീർഘയാത്രക്കൊടുവിൽ സിംലയിലെത്തുമ്പോൾ അവിടം തണുത്ത് വിറക്കുകയായിരുന്നു. ആപ്പിൾ ലോഡ് ചെയ്യുന്നതിനിടയിലെ വിശ്രമത്തിന് ലോഡ്ജിൽ മുറിയെടുത്ത് എല്ലാവരും താമസിച്ചു. രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ റനീഷിെൻറ വലതുകാൽ ചലനമറ്റിരുന്നു. ഒന്നിച്ചുള്ളവർ പെട്ടെന്ന് അവിടെയുള്ള ആശുപത്രിയിലെത്തിച്ചു. കാലിലെ ഞരമ്പിൽ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. വിദഗ്ധ ചികിത്സക്കായി പഞ്ചാബിലെ ഛത്തിസ്ഗഢിലുള്ള പി.ജി.ഐ ആശുപത്രിയിലേക്ക് റഫർ ചെയ്തതോടെ റനീഷിനെ കൂടെയുള്ളവർ അവിടേക്ക് എത്തിച്ചു. താങ്ങാനാവാത്ത ചികിത്സ ചെലവും ആശയ വിനിമയത്തിനുള്ള ഭാഷാപ്രശ്നവും അലട്ടിയപ്പോൾ വിവരമറിഞ്ഞ് സ്ഥലത്തെ മലയാളി സമാജം പ്രവർത്തകർ സഹായത്തിനെത്തി. രക്തയോട്ടം നിലച്ച കാൽ ഉടൻ മുറിച്ചുമാറ്റണമെന്നും താമസിച്ചാൽ മറ്റ് അവയവങ്ങളെയും ബാധിക്കുമെന്നുമായിരുന്നു ഇവിടത്തെ ഡോക്ടർമാരും പറഞ്ഞത്. ജീവൻ രക്ഷിക്കാൻ മറ്റ് വഴിയില്ലാത്തതിനാൽ കാൽ മുറിക്കേണ്ടി വന്നു. ഏതാണ്ട്
ഒരു മാസത്തോളം റനീഷിന് ഛത്തിസ്ഗഢ് മലയാളി സമാജം പ്രവർത്തകരാണ് പരിചരിക്കാനായി ആശുപത്രിയിൽ കൂടെയുണ്ടായത്. കഴിഞ്ഞ ദിവസം ബന്ധുക്കൾ അവിടെയെത്തി റനീഷിനെ ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു. നിർധന കുടുംബത്തിെൻറ ആശ്രയമായ ലോറി ഡ്രൈവറായ റനീഷിന് ഇനി നാട്ടിൽ നിന്ന് വേണ്ടത് തുടർ ചികിത്സക്കായി കരുണയുടെ കൈത്താങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.