തലശ്ശേരി: വിഷു-റമദാൻ വ്യാപാര പ്രതീക്ഷയിലാണ് നാടെങ്ങുമുള്ള വ്യാപാരികൾ. വ്യാപാര മേഖല കൂടുതൽ ഉണരേണ്ട സമയമാണിത്. എന്നാൽ, തലശ്ശേരി ടൗണിലെ വ്യാപാരികൾക്കിത് ദുരിതകാലമാണ്. പഴയ ബസ് സ്റ്റാൻഡിലെ രണ്ട് പ്രധാന റോഡുകൾ നവീകരണത്തിനായി അടച്ചിട്ട് മൂന്നു മാസം പിന്നിട്ടു.
ജനറൽ ആശുപത്രി റോഡിലെയും എം.ജി റോഡിലെയും കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായെങ്കിലും തുറന്നുകൊടുക്കുന്നത് അനിശ്ചിതമായി നീളുകയാണ്. ഇക്കാരണത്താൽ വ്യാപാരികളുടെ പ്രതീക്ഷയും മങ്ങുകയാണ്.
കഴിഞ്ഞമാസം ക്ഷേത്രോത്സവങ്ങൾ നടന്നപ്പോഴും തലശ്ശേരി ടൗണിലെ വ്യാപാര മേഖലക്ക് കനത്ത ആഘാതമാണ് റോഡ് അടച്ചിട്ടത് കാരണമുണ്ടായത്. വിഷുവിനും റമദാനും ഈ അവസ്ഥതന്നെയാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും രണ്ട് റോഡുകളും പൂർണമായി തുറക്കാത്തതിനാൽ ടൗണിലെ തുണി, ചെരിപ്പ്, ഫാൻസി, ജ്വല്ലറി വ്യാപാരികളാണ് ഏറെ കഷ്ടതയനുഭവിക്കുന്നത്.
ഹോട്ടൽ വ്യാപാരത്തിലും ഇടിവുണ്ടായിട്ടുണ്ട്. തങ്ങളുടെ പ്രയാസം ആരോടു പറയുമെന്നാണ് വ്യാപാരികളുടെ ചോദ്യം. ഉത്തരവാദപ്പെട്ടവർ ഓരോ കാരണങ്ങൾ പറഞ്ഞ് റോഡ് തുറക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.
കോൺക്രീറ്റ് നവീകരണം പൂർത്തിയായ ജനറൽ ആശുപത്രി റോഡിലൂടെ ഭാഗികമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഭാരവാഹനങ്ങൾക്ക് ഇതിലൂടെ പ്രവേശനമില്ല. ഗുണ്ടർട്ട് റോഡിൽ സദാസമയവും ഗതാഗതതടസ്സം അനുഭവപ്പെടുന്നതിനാൽ ട്രാഫിക് പൊലീസ് ജനറൽ ആശുപത്രി പരിസരത്ത് കയർ കെട്ടി ഒരുഭാഗത്ത് കൂടി മാത്രം ഗതാഗതം നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്.
കോൺക്രീറ്റ് ചെയ്ത റോഡിൽ ഇപ്പോൾ തലങ്ങും വിലങ്ങുമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. കോൺക്രീറ്റ് ചെയ്ത റോഡുകളിലെ ഇരുവശവും അരിക് നിരപ്പാക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തി ഇനിയും ചെയ്തുതീർക്കാൻ ബാക്കിയുണ്ട്. മാർച്ച് അവസാനത്തിനകം റോഡ് തുറന്നുകിട്ടിയില്ലെങ്കിൽ വിഷു-റമദാൻ വ്യാപാരം ടൗണിലെ വ്യാപാരികൾക്ക് കനത്ത ആഘാതമാവും.
നഗരത്തിലെ സ്കൂൾ വിദ്യാർഥികളടക്കം സദാസമയം പോകുന്ന എം.ജി റോഡിൽ കോൺക്രീറ്റ് നിർമാണം ഏറക്കുറെ പൂർത്തിയായെങ്കിലും തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തന്നെയാണ്. റോഡിനിരുവശവും ജില്ലിയിട്ടതിനാൽ കാൽനടയാത്രക്കും ഇവിടെ കുരുക്കാവുകയാണ്.
റോഡിന്റെ അരികുകൾ നിരപ്പാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ജില്ലി ഇറക്കിയത്. എന്നാൽ, നിർമാണം തുടങ്ങിയിട്ടില്ല. പരീക്ഷ എഴുതാനായി വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് കാൽനടയും അസാധ്യമാവുകയാണ്. കെ.ആർ കവല മുതൽ മുനിസിപ്പൽ ഓഫിസ് കെട്ടിടം വരെയുള്ള ഭാഗമാണ് എം.ജി റോഡിൽ കോൺക്രീറ്റ് ചെയ്തത്. മുനിസിപ്പൽ ഓഫിസ് പരിസരത്താണ് കോൺക്രീറ്റ് പൂർത്തിയാകാൻ ബാക്കിയുള്ളത്.
കോൺക്രീറ്റ് ചെയ്ത റോഡുകൾ തുറക്കാത്തതിനാൽ ടൗണിലെ ഗതാഗതക്കുരുക്ക് ദിവസവും മുറുകുകയാണ്. ഒ.വി റോഡിലൂടെ വരുന്ന വാഹനങ്ങൾ ട്രാഫിക് യൂനിറ്റ് പരിസരം വഴി ഗുണ്ടർട്ട് റോഡിലൂടെയാണ് കണ്ണൂർ ദേശീയപാതയിലേക്ക് പോകുന്നത്. ജനറൽ ആശുപത്രിക്ക് മുന്നിലും സേക്രഡ് ഹാർട്ട് സ്കൂൾ പരിസരത്തുമാണ് കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ജനറൽ ആശുപത്രി റോഡിലൂടെ ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.