തലശ്ശേരി: ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയക്കുള്ള സഹായത്തിനായി കാത്തിരിക്കുന്നു. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി നോക്കിയിരുന്ന ധർമടം പഞ്ചായത്തിലെ മേലൂർ കലാമന്ദിരത്തിനടുത്ത വന്ദനത്തിൽ പരേതനായ പണിക്കൻ ബാലന്റെയും ശാന്തയുടെയും മകൻ എ. സജിനേഷാണ് (37) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി യുവാവ് ചികിത്സയിലാണ്. ഡയാലിസിസിലൂടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. പഴയതുപോലെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരണമെങ്കിൽ അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് പരിശോധിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ശസ്ത്രക്രിയക്കും മറ്റുമായി 30 ലക്ഷത്തോളം രൂപ വേണ്ടിവരും. ഡയാലിസിസിനും ഇതുവരെയുള്ള ചികിത്സക്കുമായി വലിയൊരു സംഖ്യ ഇതിനകം കുടുംബത്തിന് ചിലവായി. ശസ്ത്രക്രിയക്കുളള ഭീമമായ ചിലവ് സജിനേഷിന്റെ നിർധന കുടുംബത്തിന് താങ്ങാനാവുന്നതല്ല.
ഇതുവരെ ചികിത്സിച്ച വകയിൽ തന്നെ വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ട്. സജിനേഷിന്റെയും നിർധന കുടുംബത്തിന്റെയും ദൈന്യത കണ്ടറിഞ്ഞ് സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിവരുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി രക്ഷാധികാരിയായും എ. സദാനന്ദൻ ചെയർമാനുമായി രൂപവത്കരിച്ച കമ്മിറ്റി ഫെഡറൽ ബാങ്ക് തലശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 10880200314709, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001088. ഉദാരമതികളുടെ സാമ്പത്തിക സഹായം അക്കൗണ്ടിലേക്ക് അയക്കണമെന്ന് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
ഭാരവാഹികളായ എൻ.കെ. രവി, എ. സദാനന്ദൻ, അരിക്കൊത്തൻ രവി, വി.എം. ജനാർദനൻ, ചാലാടൻ ശശീന്ദ്രൻ, ഗിരീശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.