തലശ്ശേരി: ചമ്പാട് മാക്കുനിയിലെ കിഴക്കെ തയ്യിൽ വീട്ടിൽ സരീഷ് കുമാർ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഉപ്പുജല മത്സ്യകൃഷി വിളവെടുപ്പ് സമ്പൂർണ വിജയം. അഞ്ചു മാസം മുമ്പാണ് സരീഷ് കുമാർ വീട്ടുമുറ്റത്ത് നാല് മീറ്റർ ചുറ്റളവിൽ പ്രത്യേകം ടാങ്കുണ്ടാക്കി തിലോപ്പിയ മത്സ്യം വളർത്താൻ തുടങ്ങിയത്. നാല് മാസമാണ് മത്സ്യത്തിെൻറ പൂർണ വളർച്ചയുടെ കാലഘട്ടം. പക്ഷേ, സരീഷ് ഒരു മാസം കൂടി വിളവെടുപ്പിനായി നീട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം വിളവെടുപ്പ് നടന്നപ്പോൾ തന്നെ മത്സ്യം വാങ്ങാനായി നാട്ടുകാരും സമീപവാസികളും സരീഷ് കുമാറിെൻറ വീട്ടിലേക്ക് ഇരച്ചെത്തി. ആളുകളുടെ തിരക്കിനിടയിൽ വിളവെടുത്ത മത്സ്യത്തിെൻറ തൂക്കം പോലും തിട്ടപ്പെടുത്താൻ സാധിച്ചില്ലെന്ന് സരീഷ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
അയഡിൻ ചേരാത്ത ഉപ്പുവെള്ളത്തിലാണ് മത്സ്യകൃഷി നടത്തിയത്. കരിമീൻ ഇനത്തിൽപെട്ട തിലോപ്പിയ മത്സ്യത്തിന് വിപണിയിൽ കിലോവിന് 300 രൂപയുണ്ട്. പക്ഷേ, ഇതിലും കൂടുതൽ വില നൽകിയാണ് സരീഷ് കുമാറിൽ നിന്ന് പലരും മത്സ്യം കൈക്കലാക്കിയത്. പ്രഥമ സംരംഭമായതിനാൽ നിശ്ചിത വിലയേക്കാൾ അധികതുക നൽകി സരീഷ് കുമാറിനെ മത്സ്യകൃഷിയിൽ പ്രോത്സാഹിപ്പിക്കുകയായിരുന്നു നാട്ടുകാരും അടുത്ത സുഹൃത്തുക്കളും.
വീട്ടുമുറ്റത്തുതന്നെ മറ്റൊരു ടാങ്ക് നിർമിച്ച് ചെമ്മീൻ കൃഷി ആരംഭിക്കാനും ഇൗ മുപ്പത്തെട്ടുകാരന് പദ്ധതിയുണ്ട്. ഇതിനുള്ള ടാങ്ക് തയാറാക്കിവരുകയാണ്. പുതുച്ചേരിയിൽനിന്നാണ് ചെമ്മീൻ വിത്ത് കൊണ്ടുവരുന്നത്. ചെമ്മീൻ കൃഷിക്ക് കടൽവെള്ളമാണ് അനുയോജ്യം. ഇത് സംഭരിച്ച് ഫെബ്രുവരി ആദ്യവാരം കൃഷി ആരംഭിക്കും.
മൂന്ന് മാസമാണ് ചെമ്മീൻ കൃഷിക്കുള്ള വിളവെടുപ്പ്. ഇതും വിജയകരമായാൽ മത്സ്യകൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാക്കുനിയിൽ ഒാേട്ടാ ഡ്രൈവറായി ജോലിനോക്കുന്ന സരീഷ് കുമാറിെൻറ തീരുമാനം. മാക്കുനിയിലെ പരേതനായ കിഴക്കെ തയ്യിൽ ബാലെൻറയും ശാന്തയുടെയും മകനാണ്.
അവിവാഹിതനാണ്. ഷൈജ, ഷഗിജ, ഷൈമ എന്നിവർ സഹോദരിമാരാണ്. മാക്കുനിയിൽ വീട്ടിൽ നടന്ന മത്സ്യകൃഷി വിളവെടുപ്പ് എൻ. ഉണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഷീർ കുറ്റ്യാടി ആദ്യവിൽപന നടത്തി. എം.വി. രാഘവൻ, പവിത്രൻ ചമ്പാട്, നിസാർ പൊന്ന്യം, കെ.വി. നാസർ, മുകുന്ദൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.