തലശ്ശേരി: നഗരത്തിൽ ടി.എം.സി നമ്പറില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. നഗരത്തിൽ അനുവദീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെയും നടപടി സ്വീകരിക്കും.
സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കളും പൊലീസ് ഉദ്യോസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തലശ്ശേരി നഗരപരിധിയിൽ സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ നേരത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
ടി.എം.സി നമ്പർ ഇല്ലാതെ നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെ ട്രാഫിക് പൊലീസ് അനാവശ്യമായി പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചത്. പൊലീസ് തൊഴിലാളികളെ ചർച്ചക്കുവിളിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.
തിങ്കളാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂനിയൻ നേതാക്കളുടെയും നേതൃത്വത്തിൽ നടന്നയോഗത്തിൽ, ടി.എം.സി നമ്പർ ഇല്ലാതെ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടി.എം.സി നമ്പറുള്ള ഓട്ടോറിക്ഷകൾ അനുവദീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ ധാരണയായതായി നേതാക്കൾ പറഞ്ഞു. യോഗത്തിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ വടക്കൻ ജനാർദനൻ, കെ.എൻ. ഇസ്മായിൽ, എൻ.കെ. രാജീവ്, കെ.പി. മഹറൂഫ്, വി.പി ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.