തലശ്ശേരി: ടൂറിസം കേന്ദ്രങ്ങൾ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്ത് തലശ്ശേരിയിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്തടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണം.
നഗരസഭ പരിധിയിലെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ വിദ്യാർഥികളെ ഉപയോഗിച്ചാണ് നഗരത്തിലെടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷവുമായി തലശ്ശേരിയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
തലശ്ശേരി കടലോര നടപ്പാതയും ചുറ്റുവട്ട പ്രദേശവും അടുത്തകാലത്തായി ടൂറിസ്റ്റുകളെ കൂടുതൽ ആകർഷിക്കുകയാണ്. സിനിമ ലൊക്കേഷനും ഇവിടെ പ്രധാന ഇടമായി മാറുകയാണ്. ഇതിനകം നിരവധി മലയാള സിനിമകൾക്ക് കടലോരവും പരിസരവും വേദിയായിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കാൻ നഗരത്തിലെ വിവിധ സ്കൂളുകൾക്ക് പ്രത്യേകം പ്രത്യേകം ഉത്തരവാദിത്തം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കുട്ടികൾ മത്സരബുദ്ധിയോടെയാണ് പദ്ധതി ഏറ്റെടുത്തത്. നിശ്ചിത ഇടവേളകളിൽ ഓരോ സ്കൂളും അവർക്ക് നിശ്ചയിച്ച സ്ഥലങ്ങളിൽ ശുചീകരണം നടത്തി ഉത്തരവാദിത്തം നിർവഹിച്ചു വരുന്നുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ എന്നിവർ നിരന്തരം മോണിറ്റർ ചെയ്യുന്ന പരിപാടി എല്ലാവരുടെയും സഹകരണത്തോടെ ഒരു വർഷം പിന്നിടുകയാണ്.
ശുചീകരണ പരിപാടിയിൽ താൽപര്യമുള്ള കുട്ടികൾക്ക് ടൂറിസം ഗൈഡായി പരിശീലനം നൽകി അവർക്ക് പഠനത്തോടൊപ്പം വരുമാനമുണ്ടാക്കാനുള്ള മാർഗവും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
പരീക്ഷ കഴിഞ്ഞ് വേനൽ അവധിക്ക് ഉല്ലസിക്കേണ്ട സമയത്താണ് വിദ്യാർഥികൾ ശുചീകരണ യജ്ഞത്തിന് മുന്നിട്ടിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ മുതൽ തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാർ തലശ്ശേരി കടൽപാലം പരിസരം ശുചീകരിച്ചു. എൻ.എസ്.എസ് കോഓർഡിനേറ്റർ ഷമീമ നേതൃത്വം നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ, സജീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.