തലശ്ശേരി: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കതിരൂർ സ്കൂളിലെ 2500 വിദ്യാർഥികൾ ഒത്തുചേർന്ന് ഗാന്ധിജിയുടെ 2500 മുഖങ്ങൾ വരക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർഥി കൂട്ടായ്മയിലൂടെ വേറിട്ടൊരു ചിത്രരചന നടത്തുന്നത്.
വിദ്യാലയങ്ങളുടെ ചരിത്രത്തിൽ നടാടെയാണ് ഇത്തരം ഒരു സംരംഭം സംഘടിപ്പിക്കുന്നതെന്ന് കതിരൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. അനിതയും കതിരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. പവിത്രനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘എന്റെ ബാപ്പു-ലോക നവീകരണത്തിനൊരു മുഖവര’ എന്ന ശീർഷകത്തിൽ 30ന് വൈകീട്ട് നാലിന് സ്കൂൾ മുറ്റത്ത് ഒരുക്കുന്ന കാൻവാസിൽ വിദ്യാർഥികൾ വരക്കുന്ന രചനകൾ തത്സമയം കാമറകളിൽ പകർത്തും.
ഗിന്നസ് ലോക റെേക്കാർഡിനായി ഇത് സമർപ്പിക്കും. ക്രയോൺസ്, ചാർക്കോൾ, ജലച്ചായം തുടങ്ങിയ വിവിധ മാധ്യമങ്ങളിലാണ് സ്കൂളിലെ അഞ്ചു മുതൽ പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാർഥികൾ മഹാത്മാവിന്റെ മുഖം ആലേഖനം ചെയ്യുന്നത്.
അഹിംസയും ക്ഷമയും കൈവിടാതെ സഹനസമരങ്ങളിലൂടെ ഭാരതത്തെ സ്വാതന്ത്ര്യഗീതം കേൾപ്പിച്ച ഗാന്ധിജിയുടെ ദർശനങ്ങൾ വരും തലമുറയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് പരിപാടിയുടെ ആത്യന്തിക ലക്ഷ്യമെന്നും സംഘാടകർ വിശദീകരിച്ചു. ചിത്ര ഗ്രാമമെന്ന് പേരുകേട്ട കതിരൂരിൽ ലോക ശ്രദ്ധയാകർഷിക്കുന്ന കുട്ടികളുടെ ചിത്രരചനക്കായി കതിരൂരിലെ പ്രഗത്ഭരായ 30 ഓളം ചിത്രകാരന്മാർ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുകയാണ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. വരച്ചു പൂർത്തിയാക്കുന്ന ചിത്രങ്ങൾ സ്കൂൾ ഗാലറിയിൽ പ്രദർശിപ്പിക്കും. ചിത്രരചനയിൽ ഭാഗഭാക്കാവുന്ന 2500 വിദ്യാർഥികളും ഒത്തുചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലും. പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്, പ്രധാനാധ്യാപകൻ പ്രകാശൻ കർത്ത, സുശാന്ത് കൊല്ലറക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.