തലശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവലിന് വെള്ളിയാഴ്ച തിരിതെളിഞ്ഞു. ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാർണിവൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയും സബ്കലക്ടർ സന്ദീപ്കുമാർ വിശിഷ്ടാതിഥിയുമായി. നഗരസഭ മുൻ ചെയർമാന്മാരായ സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.കെ. ആശ, ആർട്ടിസ്റ്റ് കെ.കെ. മാരാർ, സി.പി. സന്തോഷ്കുമാർ, കെ. സുരേശൻ, കാസിം ഇരിക്കൂർ, വർക്കി വട്ടപ്പാറ, കെ. അച്യുതൻ, പി. വിജയൻ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും നഗരസഭ സെക്രട്ടറി എൻ. സുരേഷ്കുമാർ നന്ദിയും പറഞ്ഞു. മികച്ച സബ്കലക്ടർക്കുള്ള അവാർഡ് നേടിയ സന്ദീപ്കുമാർ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഇല്ലത്ത്താഴെ സ്വദേശി കെ.കെ. സൗമ്യ എന്നിവരെ മന്ത്രി ആദരിച്ചു. ഗായിക ആര്യ ദയാൽ നയിച്ച സംഗീതവിരുന്നുമുണ്ടായി.
തലശ്ശേരി: തലശ്ശേരി കാർണിവലിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ‘മാധ്യമം’ അവതരിപ്പിക്കുന്ന ‘ട്യൂൺസ് ഓഫ് ഹാപ്പിനസ്’ മ്യൂസിക്കൽ നൈറ്റ് പഴയ ബസ് സ്റ്റാൻഡിലെ പ്രധാന വേദിയിൽ അരങ്ങേറും. മലയാളികളുടെ പ്രിയഗായകൻ വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന സംഗീതരാവ് തലശ്ശേരിക്ക് പുതിയ അനുഭൂതിയാകും. റിയാലിറ്റി ഷോയിലുടെ പ്രശസ്തയായ ഗായിക ക്രിസ്റ്റകലയും വിധു പ്രതാപിനൊപ്പം പരിപാടിക്കെത്തും.
വൈകീട്ട് ഏഴിന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനംചെയ്യും. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമായി നടന്ന ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ നിരവധി മെഗാഷോകൾക്ക് ശേഷമാണ് തലശ്ശേരി കാർണിവലിൽ ‘മാധ്യമം’ ട്യൂൺസ് ഓഫ് ഹാപ്പിനസ് സംഘടിപ്പിക്കുന്നത്.ചെമ്മണൂർ ഫാഷൻ ജ്വല്ലറി, ഡോ. എക്സ്പേർട്ട് എജുലിങ്ക്സ്, മാസാ ഗ്രൂപ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.