തലശ്ശേരി: കടൽത്തീരത്തെ കുട്ടികളുടെ ഉദ്യാനം നവീകരിക്കുന്നു. മേൽനോട്ടക്കുറവ് കാരണം നാശോന്മുഖമായ ജില്ല കോടതിക്ക് മുന്നിലെ ചിൽഡ്രൻസ് സെന്റിനറി പാർക്ക് ആധുനിക സംവിധാനത്തോടെ മോടിപിടിപ്പിക്കാനാണ് തീരുമാനം.
ഓപൺ ജിംനേഷ്യം ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നവീകരണ പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു. അറബിക്കടലിന്റെ തീരത്ത് ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായാണ് പാർക്ക് വികസിപ്പിക്കുന്നത്.
റിക്രിയേഷൻ സെന്റർ, കൾച്ചറൽ സെന്റർ, റീഡേഴ്സ് കോർണർ തുടങ്ങിയ സംവിധാനങ്ങളും കുട്ടികളുടെ പാർക്കിലുണ്ടാവും. കുടുംബത്തോടെ പാർക്കിലെത്തിയാൽ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഇടങ്ങൾ തിരഞ്ഞെടുക്കാം.
സാംസ്കാരിക പരിപാടികൾക്കും ഭാവിയിൽ ഇവിടം വേദിയാവും. വായനയോട് താൽപര്യമുള്ളവർക്കായി പുസ്തകങ്ങൾ സജ്ജീകരിക്കും. കടൽ കാറ്റേറ്റ് ഈ തീരത്തിരുന്ന് അറിവിന്റെ ആകാശം തേടാം. നേരത്തേ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര-ടൂറിസം മന്ത്രിയായിരിക്കെയാണ് ഉദ്യാനം വികസിപ്പിച്ചത്.
2011 ഫെബ്രുവരി 15 ന് അന്നത്തെ ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ല ടൂറിസം റിസോർട്ട് കേരള ലിമിറ്റഡാണ് പാർക്ക് നവീകരിച്ചത്. ദേശീയപാതയോരത്തെ ഈ ഉദ്യാനം പിന്നീട് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും മറ്റ് അസാന്മാർഗിക പ്രവർത്തനം നടത്തുന്നവരുടെയും ഇടത്താവളമായി ഈ ഉദ്യാനം മാറി. പലവിധത്തിലുള്ള ആക്ഷേപങ്ങളും സമീപകാലത്ത് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടത്തിപ്പിനും സംരക്ഷണത്തിനുമായി തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്കിനെ ഏൽപിക്കാൻ നഗരസഭ തീരുമാനിച്ചത്.
സെന്റിനറി പാർക്കിനോട് ചേർന്ന സ്ഥലത്താണ് സംഗീതജ്ഞൻ പത്മശ്രീ കെ. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നത്. നവീകരണത്തിനുള്ള വിശദമായ രൂപരേഖ തയാറായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള മികച്ച സൗകര്യമൊരുക്കുന്നതോടെ നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായി സെന്റിനറി പാർക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.